മക്കളെ സന്ദർശിക്കാനെത്തിയ കോട്ടയം സ്വദേശി നോർവിച്ചിൽ അന്തരിച്ചു
അപ്പച്ചൻ കണ്ണഞ്ചിറ
Wednesday, October 8, 2025 3:56 PM IST
നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് നോർവിച്ചിൽ അന്തരിച്ചു. കോട്ടയം തുരുത്തി സ്വദേശി സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി - 73) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നോർവിച്ചിൽ നടക്കും.
പരേതൻ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മർത്തമറിയം ഫൊറോന പള്ളി ഇടവകാംഗമാണ്. യുകെയിൽ എത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മകൻ അനൂപിന്റെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കുചേരാനാണ് സേവ്യർ നോർവിച്ചിൽ എത്തിയത്.
നോർവിച്ച് സെന്റ് തോമസ് സീറോമലബാർ മിഷൻ പ്രീസ്റ്റ് ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യകൂദാശ നൽകുകയും വിവിധ ദിവസങ്ങിൽ സന്ദർശിച്ചു പ്രാർഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും സേവ്യറിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു പ്രാർഥനകൾ നേർന്നിരുന്നു.
കോട്ടയം ജില്ലാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ സേവ്യർ, സന്തോഷ് ട്രോഫി മുൻ താരം എം.പി. പാപ്പച്ചന്റെ മകനാണ്. ഭാര്യ പരേതയായ ലിസമ്മ സേവ്യർ തുരുത്തി കരിങ്ങട കുടുംബാംഗം. മക്കൾ: അൻസ് ജിന്റാ (കുവൈറ്റ്), അനിത, അമല, അനൂപ് (മൂവരും നോർവിച്ച്).
മരുമക്കൾ: ജിന്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്). പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളാണ്.
നോർവിച്ച് സെന്റ് തോമസ് സീറോമലബാർ മിഷൻ, നോർവിച്ച് മലയാളി അസോസിയേഷൻ, യുക്മ റീജണൽ, നാഷണൽ കമ്മിറ്റി എന്നിവർ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് അനുശോചനവും പ്രാർഥനകളും അറിയിച്ചു.