കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ആരംഭിച്ചു
ജോസ് കുമ്പിളുവേലിൽ
Friday, October 3, 2025 5:30 PM IST
കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോമലബാര്‍ റീത്ത് കൂട്ടായ്മയില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരവും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പരിപാടികള്‍ നടക്കുന്നത്.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരം വ്യാഴാഴ്ച തുടക്കം കുറിച്ചു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകിട്ട് ആറിനാണ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കുക. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുക.
ഓരോ ദിവസത്തെ പ്രാര്‍ഥന പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെയും പ്രസ്ഥാനങ്ങളുടെയും മേല്‍ നോട്ടത്തിലാണ് നടക്കുന്നത്. സമാപന ദിവസമായ ഒക്ടോബര്‍ 11ന് വൈകുന്നേരം നാലിന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളോടുകൂടി പരിപാടികള്‍ സമാപിക്കും.