കാരുണ്യത്തിന്റെ ആള്രൂപം: ഫിൻബാർ ആർച്ചറിനെ ആദരിച്ച് അയർലൻഡിലെ മലയാളി സമൂഹം
റോണി കുരിശിങ്കൽ പറമ്പിൽ
Thursday, October 2, 2025 5:36 PM IST
കോർക്ക്: 1985ൽ അയർലൻഡിന്റെ തീരത്ത് നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ച ആരാലും ഏറ്റെടുക്കാൻ ഇല്ലാതിരുന്ന അമ്മയെയും മകളെയും സംസ്കരിക്കുകയും അവരുടെ കല്ലറ നാല് പതിറ്റാണ്ട് പരിപാലിക്കുകയും ചെയ്ത ഫിൻബാർ ആർച്ചറിന് ഇന്ത്യൻ സമൂഹം കോർക്കിൽ ആദരിച്ചു.
1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182ലുണ്ടായ സ്ഫോടനത്തിൽ വിമാനത്തിലെ 329 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ 190 കിലോമീറ്റർ അകലെയായിരുന്നു ദുരന്തം. ഇത് അയർലൻഡും കാനഡയും കണ്ട ഏറ്റവും വലിയ വിമാനാപകടമായി ഇന്നും രേഖപ്പെടുത്തിയിരിക്കുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായിരുന്നു. കേരളത്തിൽ നിന്നുള്ള അന്നു അലക്സാണ്ടറും മകൾ റീനയും മരണപെട്ടവരിൽ ഉൾപ്പെടുന്നു. ഭർത്താവിന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ആരും അവരെ ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ അമ്മയെയും മകളെയും കോർക്ക് നഗരത്തിലെ ബ്ലാക്ക്റോക്കിലെ സെന്റ് മൈക്കേൽസ് സെമിത്തേരിയിൽ ഒരുമിച്ച് അടക്കം ചെയ്തു.
ആ സമയത്ത് സംസ്കാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഫിൻബാർ ആർച്ചർ, മൃതദേഹങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ, അന്നു അലക്സാണ്ടറുടെയും റീനയുടെയും മൃതദേഹം ആരും അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം മനസിലാക്കി.
അന്ന് മുതൽ കല്ലറ പരിപാലിക്കുന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. കൂടാതെ, ഓരോ വർഷവും അപകട വാർഷികത്തിൽ അദ്ദേഹം തന്നെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു.
40 വർഷമായി തുടരുന്ന ഈ കരുണയും സ്വാർഥരഹിതമായ സേവനവും അംഗീകരിച്ച് കോർക്കിലെ ഇന്ത്യൻ സാംസ്കാരിക സംഘടനയായ Cork Sarbojonin Durgotsab (CSD) ആദ്യമായി പ്രഖ്യാപിച്ച Shamrock Lotus Award അദ്ദേഹത്തിന് സമ്മാനിച്ചു.