ബ്രിട്ടനിൽ "മലയാളി ഗോട്ട് ടാലന്റ്' ഇവന്റുമായി കലാഭവൻ ലണ്ടൻ
Thursday, October 2, 2025 12:43 PM IST
ലണ്ടൻ: കൊച്ചിൻ കലാഭവന്റെ യുകെ ചാപ്റ്ററായ കലാഭവൻ ലണ്ടൻ "മലയാളി ഗോട്ട് ടാലന്റ്' എന്ന പേരിൽ ഒരു പുതിയ പരിപാടിക്ക് തുടക്കം കുറിക്കുന്നു. പ്രവാസി മലയാളികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
സംഗീതം, നൃത്തം, അഭിനയം, ഫാഷൻ, വാദ്യോപകരണങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ള പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി യുകെയിൽ വിവിധ സ്ഥലങ്ങളിൽ വേദികൾ സംഘടിപ്പിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രശസ്തരായ കലാകാരന്മാരിൽ നിന്നും പരിശീലനവും നിർദേശങ്ങളും ലഭിക്കും. സിനിമ, നാടകം, പിന്നണി ഗാനരംഗങ്ങളിലെ പ്രമുഖർക്കൊപ്പം വേദി പങ്കിടാൻ അവസരം നൽകി അവരെ പ്രഫഷണൽ കലാകാരന്മാരാക്കി മാറ്റാൻ സഹായിക്കും.
ഈ പരിപാടിയുടെ ഭാഗമായി യുകെയിലെ വിവിധ നഗരങ്ങളിൽ ഓഡിഷനുകളും സ്റ്റേജ് ഷോകളും സംഘടിപ്പിക്കും. മലയാളി ഗോട്ട് ടാലന്റിന്റെ ഭാഗമാകാൻ താത്പര്യമുള്ള യുകെയിലെയും യൂറോപ്പിലെയും വ്യക്തികൾക്കും സംഘടനകൾക്കും കലാഭവൻ ലണ്ടനുമായി ബന്ധപ്പെടാവുന്നതാണ്.
വിവിധ സ്ഥലങ്ങളിൽ കോഓർഡിനേറ്റർമാരെയും ആവശ്യമുണ്ട്. കലാസാഹിത്യ മേഖലകളിൽ താത്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ കലാഭവൻ ലണ്ടൻ ഫോൺ - 07881472364, മെയിൽ - [email protected].