ഡോ. അനിൽ സുകുമാരന് യുകെ റോയൽ കോളജ് ഓഫ് പതോളജിയുടെ ബഹുമതി
Monday, September 29, 2025 12:21 PM IST
കോട്ടയം: ഡോ. അനിൽ സുകുമാരനെ യുകെ റോയൽ കോളജ് ഓഫ് പതോളജി FRC Path ബിരുദം നൽകി ആദരിച്ചു. ദന്തൽ വിദ്യാഭ്യാസ സേവന മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് അംഗീകാരം. പതോളജി വിഭാഗത്തിനു മാത്രം നൽകിയിരുന്ന ഈ അംഗീകാരം പെരിയോഡോൺഡിക്സ് വിഭാഗത്തിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി ഡോ. അനിലിനാണു ലഭിക്കുന്നത്.
തിരുവനന്തപുരം ഗവ. ദന്തൽ കോളജിൽ നിന്ന് 1984 ൽ ബിഡിഎസ് ഒന്നാം റാങ്കും ബസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ് അവാർഡും നേടി.1989 ൽ എംഡിഎസ് ബിരുദം നേടിയശേഷം അധ്യാപനം, റിസേർച്ച് മേഖലകളിൽ വിവിധ ദന്തൽ കോളജുകളിൽ സേവനം അനുഷ്ടിച്ചതിനു ശേഷം 1999-2002 കാലഘട്ടത്തിൽ ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡിയും നേടി.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി അവാർഡുകൾ നേടിയ ഡോ. അനിൽ 2012 ൽ സൗദി അറേബ്യ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡൻ ക്വിൽ ഫോർ റിസേർച്ചിന് അർഹനായി. കോവിഡ് 19നു മോണ രോഗങ്ങളുമായുള്ള ബന്ധം എന്ന വിഷയത്തിലുള്ള പ്രബന്ധവും മങ്കിപോക്സ് ഉളവാക്കുന്ന ആശങ്കകളെക്കുറിച്ചുള്ള പ്രബന്ധവും അന്താരാഷ്ട്ര ശ്രദ്ധ നേടി.
ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിൽ സീനിയർ കൺസൾറ്റന്റായി പ്രവർത്തിക്കുന്ന ഡോ. അനിൽ പുഷ്പഗിരി റിസേർച്ച് സെന്ററിൽ അനുബന്ധ പ്രഫസർ ആയും സേവനം നൽകുന്നു. ഇന്ത്യയിൽ യുവ ഗവേഷകർക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട് വിവിധ മേഖലകളെ ആരോഗ്യമേഖലയുമായി ബന്ധിപ്പിക്കുന്നിനുള്ള പദ്ധതികൾക്ക് ഡോ. അനിൽ നേതൃത്വം നൽകുന്നു.