വേള്‍ഡ് മലയാളി കൗണ്‍സില്‍ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സ് രൂപീകരിച്ചു
ജോസ് കുമ്പിളുവേലിൽ
Saturday, September 27, 2025 1:09 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് ആസ്ഥാനമാക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) പ്രൊവിന്‍സ് രൂപീകരിച്ചു. ജര്‍മനിയിലെ 16 സംസ്ഥാനങ്ങളിലൊന്നായ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ പുരാതനവും പ്രശസ്തവുമായ ട്യൂബിംഗന്‍ നഗരത്തിലെ ഷ്ലാട്ടര്ഹൗസില് കൂടിയ യോഗത്തില്‍ ഔദ്യോഗികമായി പ്രൊവിന്‍സ് രൂപീകരിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രൊവിന്‍സ് സംഘടനാപരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയര്മാന് ജോളി തടത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍, ജര്‍മന്‍ പ്രൊവിന്‍സ് സെക്രട്ടറി ചിനു പടയാട്ടില്‍, ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സ് ചെയര്മാന് രാജേഷ് പിള്ള, പ്രസിഡന്റ് ധനേഷ് കൃഷ്ണ, ഫാ. ടിജോ പറത്താനത്ത്, ജോണ്‍സ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ജെന്‍സ് കുമ്പിളുവേലില്‍ (കൊളോണ്‍) ചടങ്ങില്‍ പങ്കെടുത്തു. ട്യൂബിംഗന്‍ മല്ലൂസിന്റെ ഓണാഘോഷവേളയിലാണ് ഉദ്ഘാടനം നടത്തിയത്. മുഖ്യാതിഥികളായ ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, മേഴ്സി തടത്തില്‍, ജോസ് കുമ്പിളുവേലില്‍, ചിനു പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡബ്ല്യുഎംസിയുടെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രവും, റീജിയൺ, പ്രൊവിന്‍സ് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇതുവരെയുള്ള സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും നേതാക്കള്‍ ഹ്രസ്വമായി പ്രസംഗിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎംസി ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി. രാജേഷ് പിള്ള (ചെയര്മാന്), അനൂപ് അനില്‍കുമാര്‍ (വൈസ് ചെയര്മാന്), റീത്തു മോഹന്‍ (വൈസ് ചെയര്‍പേഴ്സണ്‍), ധനേഷ് കൃഷ്ണ (പ്രസിഡന്റ്), ജസ്റ്റിന്, ടിബിന്‍ എബ്രഹാം (വൈസ് പ്രസിഡന്റുമാര്‍), തോംസണ്‍ കൈപട തോമസ്(സെക്രട്ടറി), ആന്‍സണ്‍ ജോസ് ചക്കിയത്ത് (ട്രഷറര്‍), ഹരി പ്രസാദ് (അസോസിയേറ്റ് സെക്രട്ടറി), പോള്‍ വര്‍ഗീസ് (പ്രസിഡന്റ്, യൂത്ത് ഫോറം), ജോഷ്വ പി. ബിജു (സെക്രട്ടറി യൂത്ത് ഫോറം), നാസിനി (ജോയിന്റ് സെക്രട്ടറി, യൂത്ത് ഫോറം), പാര്‍വതി (പ്രസിഡന്റ്, വനിതാ ഫോറം), സുമി (വൈസ് പ്രസിഡന്റ്, വനിതാ ഫോറം), റോണിമ (സെക്രട്ടറി, വനിതാ ഫോറം), കാവ്യ (ജോയിന്റ് സെക്രട്ടറി, വനിതാ ഫോറം) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
രാജേഷ് പിള്ള സ്വാഗതവും ധനേഷ് കൃഷ്ണ നന്ദിയും പറഞ്ഞു. അന്‍സു, സ്റ്റെഫി എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. യൂറോപ്പിലും അതിനപ്പുറവുമുള്ള കൂട്ടായ്മ ഇടപെടല്‍, സാംസ്കാരിക പൈതൃകം, സാമൂഹിക ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഡബ്ല്യുഎംസി ശക്തമായി പ്രവര്‍ത്തിക്കുമെന്നും ആഗോള കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും പുതിയ നേതൃത്വം അറിയിച്ചു.
പ്രൊവിന്‍സിന്റെ ഔദ്യോഗിക രൂപീകരണത്തിലും ഉദ്ഘാടനത്തിലും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സാന്നിധ്യത്തിനും നന്ദിയും അറിയിച്ചു. മുന്നൂറോളം പേര് പരിപാടികളില്‍ പങ്കെടുത്തു.