എംസിഎസ് ഓണാഘോഷം ഗംഭീരമായി
Friday, October 3, 2025 3:43 PM IST
സ്റ്റുട്ട്ഗാർട്ട്: ജർമനിയിലെ ബാഡൻ വുർട്ടംബർഗ് സംസ്ഥാനത്ത് മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ മലയാളി കമ്യൂണിറ്റി സ്റ്റുട്ട്ഗാർട്ട് (എംസിഎസ്) "ആരവം 2025' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
500 പേരിൽ കൂടുതൽ പങ്കെടുത്ത ഓണാഘോഷം ഇന്ത്യൻ കോൺസലേറ്റ് ജനറൽ ശത്രുക്ക സിംഹ ഉദ്ഘാടനം ചെയ്തു. ഗോപി ഫ്രാങ്ക്, റാഫി ഫ്രാൻസിസ്, സോണി മേനോൻ, തീരജ് ഷാ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, കുട്ടികളുടെ കലാപരിപാടികൾ, വടംവലി, ഓണ സ്കിറ്റ് എന്നിവ സംഘടിപ്പിച്ചിരുന്നു. 20 കൂട്ടം വിഭവങ്ങളോടെ നടത്തിയ ഈ വർഷത്തെ ഓണസദ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
നാലിന് ചായയ്ക്ക് ഒരു രൂപ നിരക്കിൽ കേരള സ്നാക്സുകൾ വിളമ്പിയതും പരിപാടിയുടെ മാറ്റുകൂട്ടി. മുൻ വർഷത്തെ പോലെ തന്നെ ഈ വർഷത്തെ ഓണാഘോഷവും പ്രവാസികളുടെ പങ്കാളിത്തവും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു.

ജിജു കുര്യൻ രചിച്ച് സംവിധാനം ചെയ്ത ആക്ഷേപഹാസ്യ നാടകം ഏവരുടെയും ശ്രദ്ധ കവർന്നു. ശ്രീ ചഞ്ചൽ നേതൃത്വം നൽകുന്ന സ്റ്റുട്ട്ഗാർട്ട് മ്യൂസിക്കൽ ടീമിന്റെ ഗാനമേളയും കെെയടികൾ ഏറ്റുവാങ്ങി.
വരും വർഷങ്ങളിലും മികച്ച രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കും എന്നും പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും എംസിഎസിന്റെ പ്രസിഡന്റ് രതീഷ് പനമ്പള്ളി അറിയിച്ചു.
സുഭാഷ്, ഫൈസൽ, സുബിൻ, മനുരാജ് ജിനീഷ്, നിർമ്മൽ, ഹാരിസ്, അനീഷ് എന്നിവർ അടങ്ങുന്ന സംഘാടക സമിതിയാണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്.