ക്നാനായ കുടുംബ സംഗമം വാഴ്വ്-25നുള്ള ഒരുക്കങ്ങൾ പൂർത്തിയായി
Friday, October 3, 2025 4:16 PM IST
ലണ്ടൻ: മൂന്നാമത് ക്നാനായ കുടുംബ സംഗമം വാഴ്വ്-25നുള്ള ഒരുക്കങ്ങൾ ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിൽ പൂർത്തിയായി. ഇത്തവണ "വാഴ്വിന് ഒരു വീട്' എന്ന ലക്ഷ്യത്തോടെ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിൽ ക്നാനായ മിഷൻ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. അഭിലാഷ് മൈലേപറമ്പിലാണ് ജനറൽ കൺവീനർ.
മധ്യസ്ഥ പ്രാർഥന കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി ആറു മാസമായി മധ്യസ്ഥ പ്രാർഥന നടത്തിവരികയാണ്. യുകെയിലെ ക്നാനായ കത്തോലിക്കാ മിഷണുകളിലെ ലീജിയൻ ഓഫ് മേരി അംഗങ്ങളുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്വ് - 25 ടിക്കറ്റ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
തുടർന്ന് 15 മിഷനുകളിലായി ടിക്കറ്റ് വിതരണ ഉദ്ഘാടനവും നടന്നു. കേരളത്തിൽ ഒരു ഭവനം നിർമിച്ച് നൽകുക, വിദ്യാർഥികൾക്ക് സൗജന്യ പാസ് എന്നിവ ഇത്തവണ നടപ്പിലാക്കും. റിസപ്ഷൻ, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റർജി, പ്രോഗ്രാം, ക്വയർ, ഫുഡ്, ഹെൽത്ത് & സേഫ്റ്റി, ട്രാഫിക്ക് & ട്രാൻസ്പോർട്ടേഷൻ, ഡെക്കറേഷൻ & ടൈം മാനേജ്മെന്റ്, റവന്യൂ & ഫെസിലിറ്റീസ്, ഫിനാൻസ് തുടങ്ങിയ കമ്മിറ്റികൾ പരിപാടിയുടെയ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
കുർബാന, കലാപരിപാടികൾ, ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന സ്റ്റേജ് ഷോകൾ എന്നിവയും അരേങ്ങറും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, കെസിസി പ്രസിഡന്റ് ബാബു പറമ്പേടത്ത് മലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവർ ഇത്തവണ പരിപാടിയിൽ പങ്കെടുക്കും.
ഒക്ടോബർ നാലിന് കുർബാനയുടെ ആരാധനയോടെയും ആശീർവാദത്തോടെയും രാവിലെ 9.45ന് പരിപാടികൾ ആരംഭിക്കും. 10.30ന് മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യ കാർമികത്വത്തിൽ യുകെയിലെ ക്നാനായ വൈദികരുടെ സഹകാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും.
ഉച്ചഭക്ഷണത്തെ തുടർന്ന് പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യുകെയിലെ എല്ലാ മിഷനുകളിൽ നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികൾ, ക്നാനായ സിംഫണി മേളം എന്നിവ വേദിയിൽ അരങ്ങേറും. രാത്രി എട്ടിന് പരിപാടികൾക്ക് തിരശീല വീഴും.