യുക്മ മിഡ്ലാൻഡ്സ് കലാമേള ശനിയാഴ്ച കവൻട്രിയിൽ
രാജപ്പൻ വർഗീസ്
Friday, October 10, 2025 12:35 PM IST
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ നാഷണൽ കലാമേളയ്ക്ക് മുന്നോടിയായുള്ള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി.
25 അംഗ അസോസിയേഷനുകളിൽ നിന്നായി 850-ഓളം മത്സരാർഥികൾ മാറ്റുരയ്ക്കുന്ന കലാമേള ശനിയാഴ്ച കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ (കാർഡിനൽ വൈസ്മാൻ സ്കൂൾ ഹാൾ) അരങ്ങേറും. രാവിലെ 9.30ന് ആരംഭിക്കുന്ന കലാമാമാങ്കത്തിനായി അഞ്ച് വേദികളാണ് സജ്ജമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി നാഷണൽ കലാമേളയിലും കായികമേളയിലും വിജയകിരീടം ചൂടിയ മിഡ്ലാൻഡ്സ് റീജിയൺ, ഈ കലാമേളയും വൻ വിജയമാക്കാൻ സജീവമായി രംഗത്തുണ്ട്. അണിയറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുക്മ റീജിയണൽ ഭാരവാഹികളും നാഷണൽ ഭാരവാഹികളും പ്രവർത്തിക്കുന്നു.
കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ശനിയാഴ്ച രാവിലെ യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ നിർവഹിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ കമ്മിറ്റി അംഗം ജോർജ് തോമസ്, മറ്റ് യുക്മ നാഷണൽ ഭാരവാഹികൾ, വിവിധ റീജിയണൽ പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികൾ സ്പോൺസർമാർ എന്നിവർ കലാമേളയ്ക്ക് പിന്തുണയുമായി എത്തും.
കലാമേളയുടെ അവസാനവട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ചേർന്ന യോഗത്തിൽ യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു.
റീജിയണൽ ആർട്സ് കോഓർഡിനേറ്റർ രേവതി അഭിഷേക്, റീജിയണൽ ഭാരവാഹികളായ ജോർജ് മാത്യു, രാജപ്പൻ വർഗീസ്, അരുൺ ജോർജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മധു, ആനി കുര്യൻ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജിയണൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.