യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
കുര്യൻ ജോർജ്
Friday, October 10, 2025 11:52 AM IST
ഗ്ലോസ്റ്റർഷെയർ: പതിനാറാമത് യുക്മ ദേശീയ കലാമേള നവംബർ ഒന്നിന് ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ നടക്കും. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ ലോഗോ, നഗർ നാമനിർദേശക മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യുകെ മലയാളികൾക്കായി നടത്തിയ ലോഗോ, നഗർ നാമനിർദേശക മത്സരങ്ങളിൽ നിരവധിയാളുകൾ പങ്കെടുത്തു.
കലാമേള നഗറിനായി അന്തരിച്ച അനശ്വര ഗായകൻ പി.ജയചന്ദ്രന്റേതുൾപ്പടെ നിരവധി പേരുകൾ നിർദേശിക്കപ്പെട്ടുവെങ്കിലും മലയാള സാഹിത്യത്തെയും സിനിമയെയും വിശ്വത്തോളം വളർത്തിയ മഹാപ്രതിഭ, എഴുത്തിന്റെ കുലപതി എം.ടി.വാസുദേവൻ നായർക്ക് യുക്മ നൽകുന്ന ആദരവായി 2025 കലാമേള നഗറിന് "എം.ടി. വാസുദേവൻ നായർ നഗർ' എന്ന് നാമനിർദേശം ചെയ്യുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
ദേശീയ കലാമേള 2025 ലോഗോ, നഗർ നാമനിർദേശക മത്സരങ്ങളിൽ നിരവധിയാളുകൾ പങ്കെടുത്തുവെങ്കിലും രണ്ട് വനിതകളാണ് ഇക്കുറി വിജയികളായതെന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. ലോഗോ മത്സരത്തിൽ കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുള്ള ഡിംബിൾ വിന്നി റോസ് വിജയിയായപ്പോൾ നഗർ നാമനിർദേശക മത്സരത്തിൽ ബാൺസ്ലി കേരള കൾച്ചറൽ അസോസിയേഷനിലെ ബിൻസി കെ. ഫിലിപ്പ് വിജയിയായി.
ദേശീയ കലാമേള ലോഗോ മത്സരത്തിൽ വിജയിയായ ഡിംബിൾ വിന്നി റോസിന് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും നഗർ നാമനിർദേശക മത്സര വിജയി ബിൻസി കെ ഫിലിപ്പിന് പ്രശസ്തി ഫലകവും നവംബർ ഒന്നിന് ചെൽടൺഹാമിലെ ദേശീയ കലാമേള വേദിയിൽ വച്ച് സമ്മാനിക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
യുക്മ സൌത്ത് വെസ്റ്റ് റീജിയൺ ആതിഥേയത്വം വഹിക്കുന്ന പതിനാറാമത് ദേശീയ കലാമേള ഗ്ലോസ്റ്റർഷയറിലെ ചെൽടൺഹാമിലാണ് ഇക്കുറിയും നടക്കുന്നത്. ചെൽറ്റൻഹാം തുടർച്ചയായി നാലാം വർഷമാണ് യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും ചെൽടൺഹാമിലെ എം.ടി. വാസുദേവൻ നായർ നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, ദേശീയ കലാമേള കൺവീനർ വർഗീസ് ഡാനിയൽ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോൻ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്മോൾ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റർ താണോലിൽ (ജോയിന്റ് ട്രഷറർ), ദേശീയ സമിതിയംഗം രാജേഷ് രാജ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ് എന്നിവർ അറിയിച്ചു.