എംഐ ന്യൂയോർക്ക് ചാന്പ്യൻ
Tuesday, July 15, 2025 12:14 AM IST
ഡാളസ്: 2025 മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി) ട്വന്റി20 കിരീടം എംഐ ന്യൂയോർക്കിന്. അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തിൽ വാഷിങ്ടണ്‍ ഫ്രീഡത്തെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് എംഐ ന്യൂയോർക്ക് രണ്ടാമത് എംഎൽസി കപ്പുയർത്തിയത്. ഡാളസിലെ ഗ്രാൻഡ് പ്രൈറി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
സ്കോർ: എംഐ ന്യൂയോർക്ക്: 180/7. വാഷിങ്ടണ്‍ ഫ്രീഡം: 175/5.
ഡികോക്കാണ് താരം
ആദ്യം ബാറ്റുചെയ്ത എംഐ ന്യൂയോർക്കിന് തകർപ്പൻ തുടക്കമാണ് ക്വിന്റൻ ഡികോക്കും (46 പന്തിൽ 77 റണ്‍സ്), മോനൻക് പട്ടേലും (22 പന്തിൽ 28 റണ്‍സ്) ചേർന്ന് നൽകിയത്. മധ്യനിരയിൽ തജീൻഡർ സിംഗ് (14), ക്യാപ്റ്റൻ നിക്കോളാസ് പൂരൻ (21) എന്നിവർ ചേർന്ന് സ്കോർ 180ൽ എത്തിച്ചു. വാഷിങ്ടണ്‍ ഫ്രീഡത്തിനായി ലോക്കി ഫെർഗൂസണ് മൂന്നു വിക്കറ്റ് നേടി. സൗരഭ് നേത്രാവൽക്കർ, ഗ്ലെൻ മാക്സ്വെൽ, ജാക്ക് എഡ്വേർഡ്സ്, ഇയാൻ ഹോളണ്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
പിഴച്ചതെവിടെ
വാഷിങ്ടണ്‍ ഫ്രീഡത്തിന്റെ തുടക്കവും ഒടുക്കവും പിഴച്ചതാണ് കൈയെത്തും ദൂരത്ത് മത്സരം കൈവിട്ടത്. ജാഗ്രത കൈവിട്ട് ഓപ്പണർമാരായ മിച്ചൽ ഒവനെൻ (0), ആൻഡ്രീസ് ഗൗസ് (0) എന്നിവർ ആദ്യ ഓവറിൽ വിക്കറ്റ് നൽകി മടങ്ങി. ഇരുവരെയും ട്രെന്റ് ബോൾട്ടാണ് വീഴ്ത്തിയത്. എന്നാൽ തകർത്തടിച്ച് രചിൻ രവീന്ദ്ര (41 പന്തിൽ 70 റണ്‍സ്) ടീമിനെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു. അവസാന ആറ് പന്തിൽ 12 റണ്‍സ് വേണമെന്നിരിക്കേ മിന്നും ഫോമിൽ കളിച്ച ഗ്ലെൻ ഫിലിപ്സ് (34 പന്തിൽ 48 റണ്‍സ്), മാക്സ്വെൽ (15) എന്നിവർ ക്രീസിൽ.
യുവതാരം 22കാരൻ റുഷീൽ ഉഗാർക്കർ എറിഞ്ഞ ഓവറിൽ മാക്സ്വെൽ പുറത്തായതോടെ ഫ്രീഡത്തിന് മത്സരം വഴുതിപ്പോയി. ഓവറിൽ നേടാനായത് ഏഴ് റണ്‍സ് മാത്രം. ഇതോടെ അഞ്ച് റണ്‍സ് ജയവുമായി എംഐ ന്യൂയോർക്ക് കപ്പുയർത്തി.