ഫിഫ റാങ്കിംഗ്: ഇന്ത്യ പിന്നോട്ട്
Friday, July 11, 2025 2:50 AM IST
ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. സമീപകാലത്ത് മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യ 133-ാം സ്ഥാനത്താണ്.
ആറു സ്ഥാനങ്ങൾ പിന്നോട്ടുപോയ നീലപ്പട കഴിഞ്ഞ എട്ടു വർഷത്തെ മോശം റാങ്കിലാണെത്തിയത്. 2023 ജൂലൈയിൽ 99-ാം സ്ഥാനത്തുനിന്നാണ് ഇന്ത്യ താഴേക്കിറങ്ങുന്നതെന്നതാണ് ദയനീയം.
2023 നവംബറിനുശേഷം ഔദ്യോഗിക മത്സരങ്ങളിലൊന്നും ഇന്ത്യക്ക് ജയിക്കാനായില്ല. അവസാന 16 മത്സരത്തിൽനിന്ന് ഒരു ജയമാണുള്ളത്. ഏഷ്യൻ കപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി. ലോകകപ്പ് യോഗ്യതയിലും കാലിടറി.
അർജന്റീന നന്പർ 1
അർജന്റീന ഒന്നാംസ്ഥാനം നിലനിർത്തി. സ്പെയിനാണ് രണ്ടാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ തുടരുന്നു.
യുവേഫ നേഷൻസ് കപ്പ് കിരീടം ചൂടിയ പോർച്ചുഗൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. നെതർലൻഡ്സ് (7), ബൽജിയം (8), ജർമനി (9), ക്രൊയേഷ്യ (10) എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്.