നാഷ്വില്ലയ്ക്ക് നാശം
Monday, October 20, 2025 1:44 AM IST
ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ വന്പൻ വിജയവുമായി ഇന്റർമയാമി. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് മികവിൽ രണ്ടിനെതിരേ അഞ്ചു ഗോളിന്റെ തകർപ്പൻ ജയമാണ് നാഷ്വില്ല എസ്സിക്കെതിരേ മയാമി നേടിയത്. ഇതോടെ മേജർ ലീഗ് സോക്കറിന്റെ ഗോൾഡൻ ബൂട്ട് പുരസ്കാരം മെസിക്കെന്ന് ഉറപ്പായി. ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകളാണ് മെസി നേടിയത്. അതേസമയം ആദ്യ പകുതിയിൽ നാഷ്വില്ലയാണ് ലീഡ് ചെയ്തത്.
മത്സരത്തിന്റെ 34-ാം മിനിറ്റിലാണ് മെസിയുടെ ആദ്യഗോൾ. എന്നാൽ ഒൻപത് മിനിറ്റുകൾക്കു ശേഷം ഹാനി മുക്താറിന്റെ ക്രോസ് പോസ്റ്റിനടുത്തുവച്ച് സാം സറിഡ്ജ് ഹെഡ് ചെയ്ത് ഗോളാക്കിയതോടെ നാഷ്വില്ല ഒപ്പമെത്തി. ഇൻജുറി ടൈമിൽ മയാമിയെ ഞെട്ടിച്ച്് നാഷ്വില്ല വീണ്ടും സ്കോർ ചെയ്തു. ഹാനി മുക്താറിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയെങ്കിലും റീബൗണ്ട് വന്ന പന്ത് ജേക്കബ് ഷാഫൽബർഗ് വലയിലാക്കി ടീമിന് ലീഡ് നേടിക്കൊടുത്തു.
രണ്ടാം പകുതിയിൽ മെസി കളം നിറഞ്ഞതോടെ മയാമി ഗോൾമഴ പെയ്യിച്ചു. 63-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മെസി സ്കോർ തുല്യമാക്കി. 67-ാം മിനിറ്റിൽ ബൽത്താസർ റോഡ്രിഗസിലൂടെ മയാമി മൂന്നാം ഗോളു മായി മുന്നിലെത്തി. 81-ാം മിനിറ്റിൽ മെസി ഹാട്രിക് പൂർത്തിയാക്കിയ ഗോൾ നാഷ്വില്ലയുടെ പതനം ഉറപ്പാക്കി. ടെലാസ്കോ സെഗോവിയയും ഗോൾ നേടിയതോടെ നേട്ടം അഞ്ചായി.
ഗോൾഡൻ ബൂട്ട് മെസിക്ക്!
മേജർ ലീഗ് സോക്കറിലെ ഗോൾഡൻ ബൂട്ട് മെസിക്കെന്ന് ഏകദേശം ഉറപ്പായി. സീസണിലെ അവസാന മത്സരത്തിനിറങ്ങുന്പോൾ ലോസ് ആഞ്ചലീസ് എഫ്സിയുടെ ഡെനിസ് ബൗംഗയേക്കാൾ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു മെസി. 26 ഗോളായിരുന്നു സന്പാദ്യം. എന്നാൽ നാഷ്വില്ലയ്ക്കെതിരേ ഹാട്രിക് നേടിയതോടെ 28 മത്സരങ്ങളിൽനിന്ന് ഗോൾ നേട്ടം 29 ആക്കാൻ താരത്തിനായി. എംഎൽഎസ് ബൂട്ട് മെസിയെത്തേടിയെത്തുന്നത് ആദ്യമാണ്.