ഇന്ത്യൻ വനിതകൾ പൊരുതി വീണു
Monday, October 20, 2025 1:44 AM IST
ഇൻഡോർ: വനിതാ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഹീതർ നൈറ്റിന്റെ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടുയർത്തിയ 288 റണ്‍സ് പിൻതുടർന്ന ഇന്ത്യ നാല് റണ്‍സ് അകലെ വീണു. തുടക്കത്തിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്മായെങ്കിലും ഹർമൻപ്രീത് കൗർ (70)- സ്മൃതി മന്ദാന (88) സഖ്യം ഒരു ഘട്ടത്തിൽ ടീമിനെ വിജയത്തിലേക്കെന്ന നിലയിൽ എത്തിച്ചു.

എന്നാൽ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഇന്ത്യ തകർന്നു. തോൽവിയോടെ ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനം ആശങ്കയുടെ കണക്കുകളിലായപ്പോൾ ജയത്തോടെ ഇംഗ്ലണ്ട് സെമിഫൈനലിൽ കടന്നു. ഹീതർ നൈറ്റാണ് കളിയിലെ താരം. സ്കോർ: ഇംഗ്ലണ്ട്: 50 ഓവറിൽ 288/8. ഇന്ത്യ: 50 ഓവറിൽ 284/6.
പിടിച്ചുകെട്ടി
തകർപ്പൻ തുടക്കം കിട്ടിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 300നു മുകളിൽ സ്കോർ ചെയ്യുമെന്ന സ്ഥിതിയിൽനിന്ന് അവസാന ഓവറുകളിൽ പിടിച്ചുകെട്ടിയാണ് ഇന്ത്യ സ്കോർ 288ൽ അവസാനിപ്പിച്ചത്. ഹീതർ നൈറ്റിന് പുറമേ ആമി ജോണ്‍സ് (56), നാറ്റ് സ്വിവർ ബ്രൂന്റ് (38) എന്നിവർ ഇംഗ്ലീഷ് നിരയിൽ ഭേദപ്പെട്ട് പ്രകടനം നടത്തി. ദീപ്തി ശർമ ഇന്ത്യക്കായി നാല് വക്കറ്റ് വീഴ്ത്തിയപ്പോൾ ശ്രീ ചരണി രണ്ട് വിക്കറ്റ് നേടി.
പൊരുതി വീണു
മറുപടി ഇന്ത്യക്ക് ശുഭമായിരുന്നില്ല. പ്രതിക റവാൾ (6) തുടക്കത്തിൽ നഷ്ടമായി. ഹർലീൻ ഡിയോളിനു (24) മികച്ച തുടക്കം മുതലാക്കാനായില്ല. സ്മൃതി- ഹർമൻ സഖ്യം 125 റണ്‍സിന്റെ കൂട്ടുകെട്ടുയർത്തി. പിന്നാലെ ദീപ്തി ശർമ (50) പൊരുതിയെങ്കിലും അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണത് സ്കോർ വേഗത കുറച്ചു. ഇതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷ മങ്ങി.