അമിത് ഷാ ജൂലൈ 13ന് കേരളത്തിൽ
Saturday, June 28, 2025 1:18 AM IST
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നൊരുക്കങ്ങൾക്കു രൂപംനൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 13 നു കേരളത്തിലെത്തും.
സംസ്ഥാനത്തെ ഏഴു റവന്യൂ ജില്ലകളിലെ വാർഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
തൃശൂരിൽ നടന്ന സംസ്ഥാന നേതൃയോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിതകേരളം എന്ന ആശയം താഴെത്തട്ടിൽ എത്തിക്കാൻ പാർട്ടി പരിപാടികൾക്കു രൂപംനൽകിയതായി ജനറൽ സെക്രട്ടറി പറഞ്ഞു. ഓരോ വാർഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയാറാക്കും. ഓഗസ്റ്റ് ഒന്നുമുതൽ 10 വരെ വാർഡ് സമ്മേളനങ്ങൾ സംഘടിപ്പിക്കും.