മുറ്റത്തേക്കിറങ്ങിയ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു
Friday, June 27, 2025 2:43 AM IST
കോന്നി: കോന്നി അരുവാപ്പുലത്ത് വീടിന്റെ മുറ്റത്തേക്കിറങ്ങിയ യുവാവിനെ കാട്ടുപന്നി കുത്തിവീഴ്ത്തി. ഊട്ടുപ്പാറ താന്നിനിൽക്കുംപതാലിൽ സഞ് ജു സാമിനാണ് (38) പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടോടെ വീടിന്റെ മുറ്റത്തു ശബ്ദം കേട്ടതിനെത്തുടർന്ന് അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങിയതായിരുന്നു സഞ്ജു.
പന്നി കുത്തി വീഴ്ത്തുക യും കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേല്പിക്കുകയും ചെയ്തു. ശരീരഭാഗങ്ങളിലും ക്ഷതമേറ്റു. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സഞ്ജുവിനെ പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ സഞ്ജുവിന്റെ അമ്മയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മകനെ കണ്ടത്.
സമീപത്തെ ഭുവനേശ്വരി ക്ഷേത്രത്തിനു സമീപം വയോധികയ്ക്കു നേരേയും കഴിഞ്ഞദിവസം പകൽ പന്നിയുടെ ആക്രമണ ശ്രമമുണ്ടായി. കൈവശമുണ്ടായിരുന്ന കന്പു കൊണ്ട് അടിച്ചതോടെയാണ് പന്നി പിന്മാറിയത്.