ആറളം ഫാമിൽ മിന്നലേറ്റ് ഒരാൾ മരിച്ചു
Friday, June 27, 2025 2:43 AM IST
ഇരിട്ടി: ആറളം ഫാമിൽ കള്ളു ചെത്ത് ജോലിക്കിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.
ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിലെ താമസക്കാരനും ഊരുമൂപ്പനുമായ രാജീവനാണ് (53) മരിച്ചത്. ചെത്തുതൊഴിലാളിയായ ബിനു ഈരായിക്കാണ് (42) പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി വിജേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. കള്ളു ചെത്തിയ ശേഷം തെങ്ങിൽ നിന്നിറങ്ങി മൂവരും നടന്നു പോകുന്നതിനിടെ രാജീവന് മിന്നലേൽക്കുകയായിരുന്നു. മിന്നലേറ്റ് രാജീവൻ തെറിച്ചുവീണു. ഫാമിലുണ്ടായിരുന്ന മറ്റു തൊഴിലാളികൾ രാജീവനെയും ബിനുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജീവൻ മരിച്ചു.
ബിനുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാജീവന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗീതയാണ് രാജീവന്റെ ഭാര്യ. ഋതുരാഗ്, അജുൽ രാജ് എന്നിവർ മക്കളാണ്.