‘നോ ടു ഡ്രഗ്സ്’ കാമ്പയിനിന്റെ അഞ്ചാംഘട്ടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Thursday, June 26, 2025 1:47 AM IST
തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ഇന്നു കേരളം ലഹരിവിരുദ്ധ പോരാട്ടത്തിനു പുതിയ ഊർജം പകരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘നോ ടു ഡ്രഗ്സ്’ കാമ്പയിനിന്റെ അഞ്ചാം ഘട്ടത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകുന്നേരം നാലിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികളും കലാപ്രകടനങ്ങളും നടക്കും. 2025 ജൂൺ 26 മുതൽ 2026 ജനുവരി 30 വരെ നീളുന്ന ഈ കാമ്പയിനിൽ എൻഫോഴ്സ്മെന്റ് ശക്തമാക്കുന്നതിനും ബോധവത്കരണം വിപുലീകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
കോളജ് വിദ്യാർഥികൾക്കായി ‘ആർട്ട്ഡിക്ഷൻ’ എന്ന പേര് നൽകിയ പരിപാടിയും ആരംഭിക്കും. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പുനരധിവാസത്തിനായി ‘നേർവഴി’ പദ്ധതി പരിഷ്കരിക്കും.
കോളജുകളിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ‘കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്’ (CPG) എന്ന പുതിയ സംവിധാനവും ആരംഭിക്കും. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ മാതൃകയിൽ രൂപീകരിക്കുന്ന ഈ സംവിധാനം കാമ്പസുകളിൽ ലഹരിവിരുദ്ധ ജാഗ്രത ഉറപ്പാക്കും.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ഡോ. ആർ. ബിന്ദു, വീണാ ജോർജ് എന്നിവർ മുഖ്യാതിഥികളാകും.
ഇതിനു പുറമേ ഇന്നു രാവിലെ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി സ്കൂൾതല കർമപദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാതല പരിപാടികളും സർക്കാർ ഓഫീസുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കും.