പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് മുന്‍ ജില്ലാ ജഡ്ജിയുള്‍പ്പെടെ 950 പേര്
Thursday, June 26, 2025 1:47 AM IST
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തില്‍ മുന്‍ ജില്ലാ ജഡ്ജിയടക്കം 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയെ അറിയിച്ചു.
വിവിധ കേസുകളില്‍ അറസ്റ്റിലായ പിഎഫ്ഐ പ്രവര്‍ത്തകരില്‍നിന്നു ലഭിച്ച ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയതെന്ന് എന്‍ഐഎ അറിയിച്ചു.
എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി പരിഗണിക്കുമ്പോഴാണു ഹിറ്റ്ലിസ്റ്റിന്റെ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, കെ.പി. അന്‍സാര്‍, കെ.വി. സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതായും എന്‍ഐഎ കോടതിയെ അറിയിച്ചു.
ഹിറ്റ്ലിസ്റ്റിന് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും ആക്രമണം സംഘടിപ്പിക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നുവെന്നും കണ്ടെത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.
എന്‍ഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനില്‍നിന്ന് 240 പേരുടെ പട്ടികയും ഒളിവിലുള്ള പിഎഫ്ഐ പ്രവര്‍ത്തകനായ അബ്ദുള്‍ വഹദില്‍നിന്ന് അഞ്ച് പേരുടെയും മറ്റൊരാളില്‍നിന്ന് 232 പേരുടെയും അയൂബിന്റെ പക്കല്‍നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.
അതേസമയം ജാമ്യഹര്‍ജി നല്കിയ നാല് പിഎഫ്ഐ പ്രവര്‍ത്തകരും തങ്ങള്‍ നിരപരാധികളാണെന്നും എന്‍ഐഎയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും വാദിച്ചു. എന്നാല്‍, ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളി.