എല്ലാ സ്കൂളിലും അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ 30നകം തയാറാക്കി പ്രവര്‍ത്തനം തുടങ്ങണം
Saturday, June 28, 2025 1:18 AM IST
കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്കൂളിലും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഈ മാസം 30നകം തയാറാക്കി പ്രവര്‍ത്തനം തുടങ്ങണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.
ഒരു സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളുടെയും അക്കാദമിക വളര്‍ച്ചയ്ക്കുവേണ്ടി തയാറാക്കുന്ന സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ ഓരോ സ്ഥാപനത്തിന്റെയും ആസൂത്രണത്തിനും സ്വയംസജ്ജമാകലിനും സഹായകമായ ചട്ടക്കൂടായിട്ടാണു കണക്കാക്കുന്നത്. മാര്‍ഗരേഖയില്‍ സ്കൂളുകള്‍ക്ക് സ്വയം വിലയിരുത്താനുള്ള 20 ഗുണാത്മക വിലയിരുത്തല്‍ ഘടകങ്ങളുണ്ട്. ഓരോ ഘടകവും വിലയിരുത്താന്‍ അഞ്ച് സൂചകങ്ങളും നല്കി.
വ്യക്തിഗത, വിഷയതല, ക്ലാസ് തല അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കി അതിനനുസരിച്ചായിരിക്കണം സ്കൂള്‍തല അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കേണ്ടത്.
മാസ്റ്റര്‍പ്ലാനില്‍ വിദ്യാലയത്തിന്റെ കാഴ്ചപ്പാട് സംബന്ധിച്ച ധാരണ വ്യക്തമാകണം. മുഴുവന്‍ വിദ്യാര്‍ഥികളുടെയും അക്കാദമിക മികവിനുള്ള വഴികള്‍ എടുത്തുകാണിക്കണം. സംസ്ഥാനതലത്തില്‍ തയാറാക്കിയ സ്കീം ഓഫ് വര്‍ക്ക് അനുസരിച്ചു പഠനലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം.
ജില്ലാടിസ്ഥാനത്തിലുള്ള പ്രത്യേക പദ്ധതികള്‍ക്ക് ഇടമുണ്ടാകണം. ശിശുസൗഹൃദ ഗണിതപഠനം, പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗം കുട്ടികള്‍ക്കു സ്പെഷൽ പദ്ധതി ആവശ്യമെങ്കില്‍ ആ വിവരങ്ങള്‍, അക്കാദമിക വിഭവ വിനിയോഗം, സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയവയെല്ലാം സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള മാര്‍ഗരേഖയായി ഇതു വര്‍ത്തിക്കണമെന്നുമാണ് പറയുന്നത്.