ഹിമ ദാസ് പട്ടികയിൽ ഇല്ല
Friday, September 13, 2019 11:47 PM IST
ന്യൂഡൽഹി: ദോഹ ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ഹിമ ദാസിന്റെ പേര് ഇതുവരെ ഐഎഎഎഫിന്റെ പങ്കാളിത്ത പട്ടികയിൽ ചേർത്തിട്ടില്ല. ഈ മാസം 27 മുതൽ ഒക്ടോബർ ആറ് വരെയാണ് ലോക ചാന്പ്യൻഷിപ്പ്. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) ഈ മാസം ഒന്പതിനു പ്രഖ്യാപിച്ച പട്ടികയിൽ ഹിമയുടെ പേര് ഉണ്ടായിരുന്നു. എന്നാൽ, എൻട്രി ലിസ്റ്റിൽ ഇതുവരെ ഹിമയുടെ പേര് ചേർത്തിട്ടില്ലെന്നതാണ് വാസ്തവം. 400 മീറ്റർ വനിതാ-മിക്സഡ് റിലേയിലാണ് ഹിമയുടെ പേര് എഎഫ്ഐ ഉൾപ്പെടുത്തിയിരുന്നത്.
4x400 മീറ്റർ റിലേയിൽ നിലവിൽ വി.കെ. വിസ്മയ, ജിസ്ന മാത്യു, എം.ആർ. പൂവമ്മ, വി. രേവതി, ശുഭ വെങ്കിടേശൻ, രാംരാജ് വിദ്യ എന്നിവരം മിക്സഡ് റിലേ ടീമിൽ വിസ്മയ, ജിസ്ന, പൂവമ്മ, ജേക്കബ് അമോജ്, മുഹമ്മദ് അനസ്, നോഹ് ടോം നിർമൽ എന്നിവരുമാണ്. തിങ്കളാഴ്ചവരെ ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെ പേര് ചേർക്കാൻ സമയമുണ്ട്. ഐഎഎഎഫ് നിയമപ്രകാരം റിലേ ടീമിൽ ആറ് അംഗങ്ങളേ പാടുള്ളൂ.