സ്വർണം ബാസ്കറ്റിൽ
Monday, January 20, 2020 11:50 PM IST
ഗോഹട്ടി: മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ ഓവറോൾ ചാന്പ്യന്മാരായ കേരളത്തിനു വീണ്ടും സുവർണ തിളക്കം. ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം ഒരു സ്വർണവും രണ്ട് വെങ്കലവും ബാസ്കറ്റിലാക്കി. അണ്ടർ 21 പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് കേരളം ചാന്പ്യന്മാരായത്.
ആണ്‍കുട്ടികളുടെ അണ്ടർ 21, 17 വിഭാഗങ്ങളിൽ കേരളം വെങ്കലവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ കേരളം നാലാമത് ഫിനിഷ് ചെയ്യുകയും ചെയ്തു.
അണ്ടർ 21 പെണ്‍കുട്ടികളുടെ ഫൈനലിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ മഹാരാഷ്ട്രയെയാണ് കേരളം കീഴടക്കിയത്. സ്കോർ: 88-63. കേരളത്തിനായി ആർ. ശ്രീകല 30ഉം ജോമ ജിജോ 20ഉം അനുമരിയ 16ഉം വി.ജെ. ജയലക്ഷ്മി 11ഉം പോയിന്റ് വീതം നേടി. അണ്ടർ 21 ആണ്‍കുട്ടികളുടെ കിരീടം തമിഴ്നാടിനെ കീഴടക്കി പഞ്ചാബ് കരസ്ഥമാക്കി.

അണ്ടർ 21 ആണ്‍കുട്ടികളുടെ വെങ്കല മെഡൽ പോരാട്ടത്തിൽ കേരളം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 71-70നു ഡൽഹിയെ മറികടന്നു. അവസാന സെക്കൻഡിൽ ആരോണ്‍ നേടിയ പോയിന്റാണ് കേരളത്തിനു വെങ്കലം സമ്മാനിച്ചത്. കേരളത്തിനായി ഷാരോണ്‍ ജോണ്‍ 16ഉം അഭിനന്ദു 14ഉം ചാക്കോ സൈമണ്‍ 13ഉം മുഹമ്മദ് സലിഹ് 12ഉം പോയിന്റ് വീതം സ്വന്തമാക്കി. അണ്ടർ 17 ആണ്‍കുട്ടികളുടെ വെങ്കലപ്പോരാട്ടത്തിൽ കേരളം 69-67നു തമിഴ്നാടിനെയാണ് കീഴടക്കിയത്. കേരളത്തിനായി പ്രണവ് പ്രിൻസ് 21ഉം സി.കെ. അഭിനവ് 18ഉം യു. അർജുൻ 14ഉം കെ. ജിം 13ഉം പോയിന്റ് വീതം നേടി. അതേസമയം, പെണ്‍കുട്ടികളുടെ അണ്ടർ 17 വെങ്കല മെഡൽ മത്സരത്തിൽ കേരളം 57-65ന് കർണാടകയോട് പരാജയപ്പെട്ടു.