ലോക വനിത ചെസ്: കിരീടം
നിലനിർത്താൻ വെൻജൻ
Wednesday, January 22, 2020 11:27 PM IST
വ്ളാഡി വോസ്റ്റോക് (റഷ്യ): ലോക വനിത ചെസ് പേരാട്ടത്തിൽ ചാന്പ്യൻപട്ടം നിലനിർത്താനായി നിലവിലെ ജേതാവായ ചൈനയുടെ ജൂ വെൻജൻ റഷ്യയുടെ അലക്സാന്ദ്രാ ഗോറിയാച്കിനയ്ക്കെതിരേ അവസാന റൗണ്ട് മത്സരത്തിൽ ഇന്നു കരുനീക്കുന്നു.
2018 ൽ നോക്കൗട്ട് രീതിയിൽ നടന്ന മത്സരത്തിൽ ചാന്പ്യനായ വെൻജനെതിരേ ഏറ്റുമുട്ടാൻ 2019 ൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വിജയിച്ചുകൊണ്ടാണ് ഗോറിയച്കിന യോഗ്യത നേടിയത്. ചൈനയിലെ ഷാൻഗായിൽ നടന്ന ആദ്യ ആറു ഗെയിമുകളിൽ ഓരോ ജയവും അഞ്ചു സമനിലകളുമായി ഇരുവരും തുല്യത പാലിച്ചിരുന്നു. ഇപ്പോൾ റഷ്യയിലെ വ്ളാഡി വോസ്റ്റോകിൽ നടക്കുന്ന പോരാട്ടത്തിൽ എട്ടാം ഗയിം ജയിച്ചുകൊണ്ട് ഗോറിയാക്ചിന ലീഡു നേടി.
എന്നാൽ, പതിനൊന്നു ഗെയിമുകൾ പൂത്തിയായപ്പോൾ ഒൻപതും പത്തും ഗെയിമുകൾ വിജയിച്ചുകൊണ്ട് തിരിച്ചടിച്ച നിലവിലെ ചാന്പ്യൻ വെൻജൻ, 6-5 എന്ന നിലയിൽ മുന്നിലാണ്. ചാന്പ്യൻപദവി നിലനിർത്താനായി വെൻജന് ഇന്നത്തെ മത്സരത്തിൽ സമനിലകൂടി മതി. എന്നാൽ, മത്സരം ടൈബ്രേക്കിൽ എത്തിക്കാൻ ഗോറിയാച്കിനയ്ക്ക് ഈ മത്സരം വിജയിച്ചേ മതിയാകൂ. അവസാന ഗെയിമിൽ വെള്ള കരുക്കളുടെ ആനുകൂല്യം ഗോറിയാച്കിനയ്ക്കാണ്.
ജോസ് പ്രവിത്താനം