കുറ്റവും ശിക്ഷയും...
Saturday, May 16, 2020 12:21 AM IST
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ആക്രമണകാരിയായ പേസ് ബൗളർ ആരാണെന്ന് ചോദിച്ചാൽ കുറച്ചുപേരെങ്കിലും എസ്. ശ്രീശാന്ത് എന്നു പറഞ്ഞേക്കും. ആക്രമണകാരിയായ പേസർ എന്നതിൽ തർക്കമില്ല എന്നതാകും ആ ഉത്തരം കേൾക്കുന്ന എതിർഭാഗത്തിന്റെ കളിയാക്കൽ, കൂടെ അകന്പടിയായി ഒരു ചിരിയും പാസാക്കും.
പ്രതിഭയും പ്രവൃത്തിയും തമ്മിലുള്ള തുലനത്തിലാണ് മികച്ച പേസർ എന്ന ഗണത്തിൽനിന്ന് ശ്രീശാന്തിനെ അവർ ഒഴിവാക്കുന്നത്. പ്രതിഭകൾക്ക് അച്ചടക്കം നിർബന്ധമാണെന്ന നിബന്ധനയില്ലെന്നു തെളിയിച്ച നിരവധി കായിക താരങ്ങൾ ഈ ലോകത്തിൽ ഉണ്ടെന്നതും വസ്തുത. എന്നിരുന്നാലും അഹങ്കാരി, അനാവശ്യമായി അപ്പീൽ ചെയ്യുക, വിക്കറ്റ് വീഴ്ത്തിയശേഷം പിച്ചിൽ ഇരുകൈയും കൊണ്ട് ആഞ്ഞടിച്ച് ആഘോഷിക്കുക, വാവിട്ട വാക്കിലൂടെ മുഖമടിച്ച് തല്ല് വാങ്ങി കണ്ണീരൊഴുക്കുക... ശാന്തത ആഗ്രഹിക്കുന്നവർക്ക് ശാന്തകുമാരൻ ശ്രീശാന്തിൽ പ്രശ്നങ്ങൾ നിരവധി. എന്നാൽ, 2007 ട്വന്റി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കിരീടങ്ങളിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ശ്രീ എന്നത് വിസ്മരിച്ചുകൂട. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്ന ആദ്യ മലയാളിയും.
2006ലും 2010ലും ഇന്ത്യ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് ജയിച്ചതിലും ശ്രീശാന്തിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു. 2006ൽ ജൊഹന്നാസ്ബർഗിൽ 5/40, 3/59 എന്നിങ്ങനെ നിറഞ്ഞാടി ശ്രീ മാൻ ഓഫ് ദ മാച്ച് ആയി, ഇന്ത്യൻ ജയം 123 റണ്സിന്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു അത്. 2010ൽ ജാക് കാലിസിനെ പുറത്താക്കിയ ശ്രീശാന്തിന്റെ ഷോർട്ട്പിച്ച് ബൗണ്സർ ക്രിക്കറ്റ് ആരാധകർ മറന്നിരിക്കില്ല. ബൗണ്സറിൽനിന്ന് ഒഴിവാകാൻ പിന്നോട്ട് വളഞ്ഞ് ഉയർന്നു ചാടിയെങ്കിലും പന്ത് ഗ്ലൗവിൽകൊണ്ട് ഗള്ളിയിൽ വിരേന്ദർ സെവാഗിന്റെ കൈകളിൽ വിശ്രമിച്ചു. നോബോൾ ആണോ എന്ന് റീപ്ലേയിലൂടെ നോക്കിയശേഷം അന്പയർ ചൂണ്ടു വിരൽ ആകാശത്തേക്ക് ഉയർത്തി.
അടുപ്പക്കാർ ശ്രീ, ഗോപു എന്നെല്ലാം ഓമനിക്കുന്ന മലയാളി പേസറുടെ ക്രിക്കറ്റ് കരിയർ അവസാനിച്ചത് ഏഴ് വർഷം മുന്പ് ഇന്നേദിവസം. ക്രിക്കറ്റ് ലോകത്തെയും കേരളക്കരയെയും പിടിച്ചുലച്ച് ഐപിഎൽ ഒത്തുകളിയെത്തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ ബൗളർമാരായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെ ഡൽഹി പോലീസ് 2013 മേയ് 16ന് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്കുശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ടീം പ്രിൻസിപ്പലും ബിസിസിഐയുടെ അന്നത്തെ പ്രസിഡന്റായിരുന്ന എൻ. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനടക്കമുള്ളവരും അറസ്റ്റിലായി. രാജസ്ഥാൻ റോയൽസിന്റെ മുതലാളി രാജ് കുന്ദ്ര ഐപിഎലിൽ വാതുവയ്പ്പ് നടത്തിയതായി വെളിപ്പെടുത്തി.
ശ്രീശാന്തിനെതിരേ വിവിധകോണുകളിൽനിന്ന് ആരോപണങ്ങളുടെ കുത്തൊഴുക്കായി. ഭീകരപ്രവർത്തനം, സംഘടിത കുറ്റകൃത്യം നിയന്ത്രിക്കുക എന്നിവയ്ക്കായുള്ള മക്കോക്ക കുറ്റമാണ് പോലീസ് ചാർജ് ചെയ്തത്. ശ്രീശാന്തും കുടുംബവും ക്രൂശിക്കപ്പെട്ടു. പിന്നാലെ ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. പിന്നീട് നിയമപോരാട്ടങ്ങൾ, ഡൽഹി പട്യാല കോടതി കുറ്റപത്രം കശക്കിയെറിഞ്ഞു, വിലക്ക് പിൻവലിക്കാൻ ബോർഡ് തയാറായില്ല. നിയമ പോരാട്ടം തുടർന്നു. ശ്രീശാന്തിനെതിരേ തെളിവില്ലെന്ന് കണ്ട് സുപ്രീംകോടതി വിലക്ക് റദ്ദാക്കി. എന്നാൽ, സ്വയംഭരണസ്ഥാപനമായ ബിസിസിഐ വിലക്കിൽ മുറുകെ പിടിച്ചു. ഒരു മികച്ച പേസർ ക്രിക്കറ്റ് കളത്തിൽനിന്ന് ഇക്കാലയളവിൽ തുടച്ചുമാറ്റപ്പെട്ടു... ക്രിക്കറ്റ് കളിക്കാനുള്ള അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ് ശ്രീ.
അനീഷ് ആലക്കോട്