‘ഒന്നും ഒളിക്കാനില്ല’ മാറഡോണയുടെ ഡോക്ടർ പറയുന്നു
Monday, November 30, 2020 11:56 PM IST
ബുവാനോസ് ആരീസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ ഉത്തരവാദിത്തമില്ലെന്നും ആരുടെ മുന്നിലും ഒന്നും ഒളിക്കാനില്ലെന്നും ഡോക്ടർ ലിയോപോൾഡ് ലൂക്കെ. പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന സംശയം മക്കളും വക്കീലും ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും കഴിഞ്ഞദിവസം പോലീസ് റെയ്ഡും നടത്തി. മാറഡോണയുടെ മരണത്തിന്റെ നാലാം നാളായിരുന്നു റെയ്ഡ്. ലൂക്കിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25നാണ് 60 വയസുകാരനായ മാറഡോണ അന്തരിച്ചത്. രണ്ടാഴ്ചമുന്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിവിട്ടതിൽ അസ്വാഭാവികത ഇല്ലെന്നും ആശുപത്രിയിൽ തുടരാനുള്ള സാഹചര്യം ഇല്ലായിരുന്നെന്നും ഡോ. ലൂക്കെ പറഞ്ഞു. ഡിസ്ചാർജ് ചെയ്തത് മാറഡോണയുടെ ആവശ്യപ്രകാരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ മാറഡോണയെ ബുവാനോസ് ആരീസിനടുത്തുള്ള സാൻ ആന്ദ്രേസിലെ വീട്ടിലേക്കു മാറ്റിയതിനെയാണു മക്കൾ അടക്കം ചോദ്യം ചെയ്തിരിക്കുന്നത്.
ഹൃദയാഘാതം ഉണ്ടായപ്പോൾ മാറഡോണയെ ആശുപത്രിയിലെത്തിക്കുന്നതിലും പിഴവുണ്ടായതായി അദ്ദേഹത്തിന്റെ വക്കീലും ഏജന്റുമായ മത്യാസ് മോർല ആരോപിച്ചിരുന്നു. സാധാരണയിലും 30 മിനിറ്റ് വൈകിയാണ് ആംബുലൻസ് എത്തിയതെന്നായിരുന്നു മോർലയുടെ ആരോപണം.