100ൽ ഗോളടിച്ച് വിനീഷ്യസ്
Wednesday, March 3, 2021 12:03 AM IST
മാഡ്രിഡ്: സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിനായി ബൂട്ടണിഞ്ഞ 100-ാം മത്സരത്തിൽ ഗോളടിച്ച് ബ്രസീൽ താരം വിനീഷ്യസ് ജൂണിയർ ടീമിനെ തോൽവിയിൽനിന്നു രക്ഷിച്ചു. ലാ ലിഗ ഫുട്ബോളിൽ സോസിഡാഡിനെതിരായ ഹോം മത്സരത്തിൽ പകരക്കാരനായെത്തിയായിരുന്നു ഇരുപതുകാരനായ വിനീഷ്യസ് വല കുലുക്കിയത്. വിനീഷ്യസിന്റെ ഗോളിൽ റയൽ 1-1 സമനിലയോടെ കളംവിട്ടു.
55-ാം മിനിറ്റിൽ പോർതുവിലൂടെ റയൽ സോസിഡാഡ് മുന്നിൽ കടന്നു. 61-ാം മിനിറ്റിൽ ഇസ്കോയ്ക്കു പകരമായി സിനദീൻ സിദാൻ, വിനീഷ്യസിനെ കളത്തിലിറക്കി. 89-ാം മിനിറ്റിൽ ബ്രസീൽ താരം ഗോളടിച്ചു. മത്സരശേഷം ക്ലബ് പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരേസ് 100 എന്ന് എഴുതിയ ജഴ്സി വിനീഷ്യസിനു സമ്മാനിച്ചു. 100 മത്സരങ്ങളിൽനിന്ന് 13 ഗോൾ നേടിയിട്ടുണ്ട്.
സമനില വഴങ്ങിയതോടെ 25 മത്സരങ്ങളിൽനിന്ന് 53 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്ത് തുടരും. 24 മത്സരങ്ങളിൽനിന്ന് 58 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണു തലപ്പത്ത്. 25 മത്സരങ്ങളിൽനിന്ന് 53 പോയുള്ള ബാഴ്സയാണു രണ്ടാമത്.