ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം
Monday, October 25, 2021 1:16 AM IST
ഷാർജ: ഐസിസി ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ നടന്ന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്ക് ജയം. ചരിത് അസലങ്കയുടെ വീരോചിത ഇന്നിംഗ്സിലൂടെയാണ് ഏഴ് പന്ത് ബാക്കിനിൽക്കേ ലങ്ക അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയത്.
49 പന്തിൽനിന്ന് അഞ്ചു വീതം സിക്സും ഫോറും അടക്കം 80 റണ്‍സുമായി ചരിത് പുറത്താകാതെ നിന്നു. ചരിതും ഭനുക രാജപക്സയും (31 പന്തിൽ മൂന്ന് വീതം സിക്സും ഫോറും അടക്കം 53 റണ്‍സ്) ചേർന്ന് നടത്തിയ പോരാട്ടമാണു സിംഹള ജയത്തിനാധാരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനുവേണ്ടി ഓപ്പണർ നയീം ഷെയ്ഖും (62) നാലാം നന്പർ ബാറ്ററായ മുഷ്ഫിഖർ റഹീമും (57 നോട്ടൗട്ട്) തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ഇവരുടെ പോരാട്ടമാണു ബംഗ്ലാദേശിനു പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
ചരിത് അസലങ്കയും ഭനുക രാജപക്സയും ചേർന്ന് അഞ്ചാം വിക്കറ്റിൽ 86 റണ്‍സ് അടിച്ചെടുത്തതോടെ ലങ്ക ജയത്തിലേക്കു ചുവടുവച്ചു. 52 പന്തിൽനിന്നായിരുന്നു ഇവരുടെ 86 റണ്‍സ് കൂട്ടുകെട്ട്.
സിംഹളവീര്യം
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ശ്രീലങ്കയുടെ ഏറ്റവും വലിയ ചേസിംഗ് വിജയമാണ് ബംഗ്ലാദേശിനെതിരേ 171 ചേസ് ചെയ്തത്. 2007 ലോകകപ്പിൽ ജൊഹാന്നസ്ബർഗിൽവച്ച് ന്യൂസിലൻഡിനെതിരേ 165 റണ്‍സ് അടിച്ച് ജയം നേടിയതായിരുന്നു ഇതിനു മുന്‍പത്തെ മികച്ച ചേസിംഗ്.