ഞങ്ങളുടെ പിഴ!
Monday, October 25, 2021 11:55 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ.
ടീം ഒന്നടങ്കം ഈ പരാജയത്തിൽ കാരണക്കാരാണെന്നും റൊണാൾഡോ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. അതിനിടെ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഓലെ ഗണ്ണർ സോൾഷെയറിനെ മാറ്റണമെന്ന ആവശ്യം, ഈ തോൽവിയോടെ ശക്തമായി.
സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയ മത്സരത്തിൽ 5-0ന് ആയിരുന്നു യുണൈറ്റഡിന്റെ നാണംകെട്ട തോൽവി. മുഹമ്മദ് സലയുടെ (38’, 45+5’, 50’) ഹാട്രിക്ക് മികവിലായിരുന്നു ലിവർപൂൾ ചുവന്ന ചെകുത്താന്മാരെ തറപറ്റിച്ചത്. നബി കെയ്റ്റ (5’), ഡീഗോ ജോട്ട (13’) എന്നിവരിലൂടെയായിരുന്നു ചെന്പട ഗോൾവേട്ടയ്ക്കു തുടക്കമിട്ടത്.
തോൽവിക്കു പിന്നാലെ റൊണാൾഡൊ സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ: ചിലപ്പോൾ പോരാടുന്നതിന്റെ ഫലമായിരിക്കില്ല നമുക്കു ലഭിക്കുന്നത്. സ്കോർ നമ്മൾ ആഗ്രഹിക്കുന്ന ഒന്നായിരിക്കണമെന്നില്ല. ഇതു ഞങ്ങളുടെ കുഴപ്പം മാത്രമാണ്. കാരണം മറ്റാരെയും ഇതിൽ കുറ്റപ്പെടുത്താൻ കഴിയില്ല. നമ്മളുടെ ആരാധകർ അടിയുറച്ച പിന്തുണ നൽകി. അവർ മികച്ചത് അർഹിക്കുന്നു, വളരെ മികച്ചത്. അതു നൽകാനുള്ള സമയമായിരിക്കുന്നു.
പോൾ പോഗ്ബ 60-ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിരുന്നു.
ലീഗിൽ ഒന്പതു മത്സരങ്ങൾ പൂർത്തിയായപ്പോൾ 22 പോയിന്റുമായി ചെൽസിയാണ് ഒന്നാമത്. 21 പോയിന്റുള്ള ലിവർപൂൾ രണ്ടാമതുണ്ട്. മാഞ്ചസ്റ്റർ സിറ്റിയാണ് (20) മൂന്നാമത്. 14 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.