സുന്ദർ ഔട്ട്; ഷഹബാസ് ഇൻ
Wednesday, August 17, 2022 12:50 AM IST
ന്യൂഡൽഹി: സിംബാബ്വെയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്നു സ്പിന്നർ വാഷിംഗ്ടണ്‍ സുന്ദർ പുറത്ത്. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ തോളിനേറ്റ പരിക്കാണ് സുന്ദറിന് തിരിച്ചടിയായത്.
ഓൾഡ്ട്രാഫോഡിൽ റോയൽ ലണ്ടൻ കപ്പ് മത്സരത്തിൽ ലങ്കാഷെയറിനുവേണ്ടി വോസെസ്റ്റർഷെയറിനെതിരേ ഫീൽഡ് ചെയ്യുന്പോഴാണു സുന്ദറിനു പരിക്കേറ്റത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ അദ്ദേഹം വൈദ്യസഹായം തേടും.
സുന്ദറിനു പകരം ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ആദ്യമായാണു ഷഹബാസ് ഇന്ത്യൻ ടീമിൽ ഇടംനേടുന്നത്. ഐപിഎല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ താരമാണു ഷഹബാസ്.
ഓഗസ്റ്റ് 18 മുതലാണ് സിംബാബ്വെക്കെതിരായ ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങളാണ് പരന്പരയിലുള്ളത്. കെ.എൽ. രാഹുൽ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ഉപനായകൻ ശിഖർ ധവാനാണ്. മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ട്.