ഉയരെ സ്മൃതി
Tuesday, September 20, 2022 11:50 PM IST
ദുബായ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാന ഏകദിന-ട്വന്റി20 റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയരത്തിൽ. ട്വന്റി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയ സ്മൃതി മന്ഥാന ഏകദിനത്തിൽ ഏഴാം സ്ഥാനത്തേക്കുയർന്നു.
731 റേറ്റിംഗ് പോയിന്റുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണു സ്മൃതി ട്വന്റി20 റാങ്കിംഗിൽ രണ്ടാമതെത്തിയത്. 743 റേറ്റിംഗ് പോയിന്റുള്ള ഓസ്ട്രേലിയയുടെ ബെത്ത് മൂണിയാണ് ഒന്നാമത്.
ഇംഗ്ലണ്ടിനെതിരായ പരന്പരയിലെ പ്രകടനമാണു താരത്തെ റാങ്കിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചത്. മൂന്നു മത്സര ട്വന്റി20 പരന്പരയിൽ ഒരു അർധസെഞ്ചുറിയടക്കം 111 റണ്‍സ് സ്മൃതി നേടി. ഏകദിന പരന്പരയിലെ ആദ്യമത്സരത്തിൽ 91 റണ്‍സും അടിച്ചുകൂട്ടി ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായി.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും റാങ്കിംഗിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഏകദിന റാങ്കിംഗിൽ നാലു സ്ഥാനം മെച്ചപ്പെടുത്തിയ താരം ഇപ്പോൾ ഒന്‍പതാമതാണ്. ഓൾറൗണ്ടർ ദീപ്തി ശർമ 32-ാം സ്ഥാനത്തും വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയ 37-ാം റാങ്കിലുമുണ്ട്. ബൗളർമാരുടെ റാങ്കിൽ 12-ാം സ്ഥാനത്താണ് ദീപ്തി.