ലോകകപ്പിൽനിന്ന് ബുംറ ഔട്ട്!
Friday, September 30, 2022 12:32 AM IST
മുംബൈ: ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനായി തയാറെടുക്കുന്ന ടീം ഇന്ത്യക്ക് കനത്ത പ്രഹരം. സൂപ്പർ പേസർ ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് ലോകകപ്പിൽ കളിക്കില്ല. പരിക്കുള്ളതിനാൽ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 മത്സരത്തിലും ബുംറ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ബുംറ ലോകകപ്പ് ട്വന്റി-20 ടീമിൽനിന്ന് പുറത്താകും എന്ന സ്ഥിരീകരണം എത്തിയത്.
പുറത്തിനേറ്റ പരിക്കിനെത്തുടർന്ന് ചുരുങ്ങിയത് ആറു മാസമെങ്കിലും ബുംറയ്ക്ക് വിശ്രമം വേണ്ടിവരുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തത്.
ബാക്ക് ഇഞ്ചുറിയെ തുടർന്ന് ഏഷ്യ കപ്പ് ട്വന്റി-20യിൽ ബുംറ കളിച്ചിരുന്നില്ല. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വന്റി-20 പരന്പരയിൽ ടീമിൽ ഉൾപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടും മൂന്നും മത്സരങ്ങളിൽ ബുംറ കളിച്ചിരുന്നെങ്കിലും മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. 2-0-23-1, 4-0-50-0 എന്നതായിരുന്നു ബുംറയുടെ ബൗളിംഗ് കണക്ക്.
ജഡേജ, ബുംറ...
ഐസിസി ട്വന്റി-20 ലോകകപ്പ് ആരംഭിക്കുന്നതിനു മുന്പുതന്നെ ഇന്ത്യക്ക് ഇരട്ടപ്രഹരമായി പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ നേരത്തേ ടീമിൽനിന്ന് പുറത്തായിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതുകൊണ്ടുതന്നെ ജഡേജയെ പരിഗണിച്ചില്ല. എന്നാൽ, ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ബുംറയും പരിക്കോടെ പുറത്തായതിന്റെ വേദനയിലാണ് ടീം ഇന്ത്യ.
ഇന്ത്യക്ക് ടീം പരിഷ്കരിക്കാം
സെപ്റ്റംബർ 12നാണ് ബിസിസിഐ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബുംറ, ഹർഷൽ പട്ടേൽ എന്നിവരെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയും രവി ബിഷ്ണോയ്, ദീപക് ചാഹർ, ശ്രേയസ് അയ്യർ, മുഹമ്മദ് ഷമി എന്നിവരെ സ്റ്റാൻഡ്ബൈ ആക്കിയുമായിരുന്നു ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്.
ബുംറ പരിക്കേറ്റു പുറത്താകുന്ന സ്ഥിതിക്ക് ഐസിസിയുടെ അനുമതി ഇല്ലാതെ ഒക്ടോബർ 15വരെ ബിസിസിഐക്ക് ടീമിനെ പരിഷ്കരിക്കാം. സൂപ്പർ 12ലേക്ക് നേരിട്ട് യോഗ്യത നേടിയ ടീമുകൾക്കാണ് ഈ ആനുകൂല്യം. സ്റ്റാൻഡ്ബൈ ആയി ഇന്ത്യക്ക് രണ്ട് പേസർമാരാണ് മുഹമ്മദ് ഷമിയും ദീപക് ചാഹറും. ഇവരിൽ ആര് 15 അംഗ ടീമിൽ ഉൾപ്പെടും എന്നതാണ് സുപ്രധാന ചോദ്യം.
ജസ്പ്രീത് ബുംറയെ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ മുഖമാക്കിയത് അദ്ദേഹത്തിന്റെ പവർപ്ലേയിലെ മിന്നും പ്രകടനമായിരുന്നു. ബുംറ പുറത്താകുന്നതോടെ പ്ലേയിംഗ് ഇലവണിലെ പകരക്കാരൻ ആരായിരിക്കും എന്ന ചോദ്യം ഇതിനോടകം ഉയർന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ തിരുവനന്തപുരം ട്വന്റി-20യിൽ പ്ലെയർ ഓഫ് ദ മാച്ച് ആയ ഇടംകൈയ്യന് പേസർ അർഷ്ദീപ് സിംഗിന്റെ പേരാണ് ഇപ്പോൾ പകരക്കാരനായി ഉയർന്നുകേൾക്കുന്നത്. തിരുവനന്തപുരം ട്വന്റി-20യിൽ ദീപക് ചാഹറും മിന്നുന്ന സ്വിംഗ് ആക്രമണമായിരുന്നു നടത്തിയത്. ദീപക് ചാഹറിനൊപ്പം മുഹമ്മദ് ഷമിയും 15 അംഗ ടീമിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
പവർപ്ലേയിൽ അർഷ്ദീപ് സിംഗിന്റെ പ്രകടനം മികച്ചതാണെന്നതിനാൽ അദ്ദേഹം ലോകകപ്പ് പ്ലേയിംഗ് ഇലവണിൽ ഉൾപ്പെട്ടാൽ അദ്ഭുതപ്പെടേണ്ടതില്ല. 2022 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരേ സതാംപ്ടണിൽ അരങ്ങേറിയ അർഷ്ദീപ് സിംഗ് ഇതുവരെ 12 രാജ്യാന്തര ട്വന്റി-20 കളിച്ചു. 17 വിക്കറ്റ് വീഴ്ത്തി. ശരാശരി 18.47, ഇക്കോണമി 7.44 എന്നതാണ് ഈ 23കാരന്റെ ബൗളിംഗ്.