ക്രിക്കറ്റിൽ ഹീറോകളെയാണ് ആവശ്യമെന്നും സച്ചിനും കോഹ്ലിക്കും ശേഷം ഇനി ഇന്ത്യയുടെ ഹീറോ ശുഭ്മാൻ ഗിൽ ആയിരിക്കുമെന്നും പറഞ്ഞത് മറ്റാരുമല്ല, ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ മാത്യു ഹെയ്ഡൻ. അടുത്ത 10-15 വർഷം ഗില്ലായിരിക്കും ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ മേൽവിലാസം എന്നാണു ഹെയ്ഡന്റെ വാക്കുകൾ.
ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും സെഞ്ചുറിയുള്ള അഞ്ചാമത് മാത്രം ഇന്ത്യൻ ബാറ്റർ എന്ന റിക്കാർഡ് ഫെബ്രുവരിയിൽ ഗിൽ സ്വന്തമാക്കിയിരുന്നു. സുരേഷ് റെയ്ന, കെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ മാത്രമാണ് ഈ നേട്ടത്തിൽ മുന്പ് എത്തിയത്. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറിൽ കോഹ്ലിയെ (122) പിന്തള്ളിയാണ് ഗിൽ (126) ഒന്നാം സ്ഥാനത്തിരിക്കുന്നതെന്നതും ശ്രദ്ധേയം. ഇതിനെല്ലാം പിന്നാലെയാണ് ഐപിഎല്ലിൽ ഇരുവരുടെയും നേർക്കുനേർ സെഞ്ചുറി പോരാട്ടം.
കോഹ്ലിയുടെ ഏഴാം സെഞ്ചുറിയാണിത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന റിക്കാർഡ് ക്രിസ് ഗെയ്ലിനെ (ആറ്) മറികടന്ന് കോഹ്ലി സ്വന്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന മൂന്നും നാലും
ബാറ്റർമാർ എന്ന നേട്ടത്തിൽ ബംഗളൂരുവിന്റെ വിരാട് കോഹ്ലിയും ഗുജറാത്തിന്റെ ശുഭ്മാൻ ഗില്ലും. ഇരുവരുടെയും ആദ്യ സെഞ്ചുറി സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേയായിരുന്നു എന്നതും രസകരം. ശിഖർ ധവാൻ (2020), ഇംഗ്ലീഷ് താരം ജോസ് ബട്ലർ (2022) എന്നിവരാണ് ഇതിനു മുന്പ് തുടർച്ചയായ രണ്ട് സെഞ്ചുറി നേടിയവർ.