സെൽഫ് ബാഴ്സ
Sunday, October 1, 2023 12:43 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്കു ജയം. സെവിയ്യയ്ക്കെതിരേ ഒരു ഗോളിന് ബാഴ്സ ജയിച്ചുകയറി. 76-ാം മിനിറ്റിൽ സെർജിയോ റാമോസിന്റെ സെൽഫ് ഗോളാണ് ബാഴ്സയ്ക്കു ജയമൊരുക്കിയത്.
യുവതാരം ലമൈൻ യമാലിന്റെ ഹെഡർ തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ഗോൾ. പിഎസ്ജിയിൽനിന്ന് ഈ സീസണിൽ സെവിയ്യയിലെത്തിയ റാമോസ്, ബാഴ്സയ്ക്കെതിരേ ഗോൾ നേടിയാൽ പ്രത്യേക തരത്തിലുള്ള ഗോളാഘോഷം നടത്തുമെന്ന് മത്സരത്തിനു മുന്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗോളടിച്ചത് സ്വന്തം നെറ്റിലാണെന്നു മാത്രം.
ജയത്തോടെ ബാഴ്സ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും ജിറോണ-റയൽ മാഡ്രിഡ് മത്സരവിജയികൾക്കായി ഒന്നാം സ്ഥാനം വിട്ടുനൽകേണ്ടിവരും.