ഡുപ്ലാന്റിസിനും ബൈല്‍സിനും ലോറസ്
Wednesday, April 23, 2025 12:59 AM IST
മാഡ്രിഡ്: സ്വീഡിഷ് പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനും അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സിനും കായിക ഓസ്കര് എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം.
2025 ലോറസ് പുരസാകരവേദിയില് മികച്ച പുരുഷ കായിക താരമായാണ് ഡുപ്ലാന്റിസ് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വനിതാ കായിക താരത്തിനുള്ള പുരസ്കാരം ബൈല്‍സിനും ലഭിച്ചു. ലോറസ് പുരസ്കാരത്തിന്റെ 25-ാം വാര്‍ഷികമായിരുന്നു.
ഒളിമ്പിക്സില്‍ ഇരട്ട സ്വര്‍ണ ജേതാവായ ഡുപ്ലാന്റിസ്, അത്ലറ്റിക്സില്‍നിന്ന് ലോറസ് പുരസ്കാരത്തില്‍ എത്തുന്ന രണ്ടാമത് പുരുഷ താരമാണ്. ജമൈക്കന്‍ മുന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടാണ് അത്ലറ്റിക്സില്‍നിന്ന് ആദ്യമായി ലോറസ് പുരസ്കാരത്തില്‍ എത്തിയ പുരുഷ താരം.
ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ മാക്സ് വെര്സ്റ്റപ്പന്, ഫ്രഞ്ച് നീന്തല്‍താരം ലിയോണ്‍ മര്‍ച്ചന്‍ഡ്, ടെന്നീസ് താരം കാര്‍ലോസ് അല്‍കരാസ് തുടങ്ങിയവരെ പിന്തള്ളിയാണ് ഡുപ്ലാന്റിസ് പുരസ്കാരം സ്വന്തമാക്കിയത്.
സെറീനയ്ക്കൊപ്പം ബൈല്‍സ്
വനിതാ ലോറസ് പുരസ്കാരം ഏറ്റവും കൂടുതല്‍ പ്രാവശ്യം (നാല്) സ്വന്തമാക്കുന്ന വനിതാ കായിക താരം എന്ന റിക്കാര്‍ഡിന് ഒപ്പം സിമോണ്‍ ബൈല്‍സ് എത്തി. സെറീന വില്യംസും നാലു തവണ ലോറസ് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. 2024 പാരീസ് ഒളിമ്പിക്സില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ബൈല്‍സ് സ്വന്തമാക്കിയിരുന്നു.
സ്പാനിഷ് ഫുട്ബോള്‍ താരം ഐറ്റാന ബോണ്‍മാറ്റി, ടെന്നീസ് താരം അരീന സബലെങ്ക, അത്ലറ്റുകളായ ഫെയ്ത്ത് കിപ്യഗോണ്‍, സിഫാന്‍ ഹസന്, സിഡ്നി ലെവ്റോണ്‍ തുടങ്ങിയവരെയാണ് ബൈല്‍സ് പിന്തള്ളിയത്.
നദാല്‍, റയല്‍
കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെന്നീസില്‍നിന്നു വിരമിച്ച സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന് ലോറസ് സ്പോര്‍ട്സ് ഐക്കണ്‍ പുരസ്കാരം നല്കി. ബ്രസീലിയന്‍ ജിംനാസ്റ്റ് റെബേക്ക ആന്‍ഡ്രേഡിന് ലോറസ് വേള്ട് കംബാക്ക് ഓഫ് ദ് ഇയര്‍ പുരസ്കാരവും സ്പാനിഷ് ഫുട്ബോള്‍ താരം ലാമിന് യമാലിന് ബ്രേക്ക്ത്രൂ ഓഫ് ദ് ഇയന്‍ പുരസ്കാരവും നല്കി. ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിനാണ്.