യുഡിഎഫ് ഹർത്താൽ ഭാഗികം; പലയിടത്തും വഴിതടയൽ
Sunday, October 15, 2017 9:56 PM IST
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് ഭാഗീകമാണ്. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ ഇറങ്ങി. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസിക്ക് നേരെ കല്ലെറിഞ്ഞു. പലയിടത്തും പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. ഇത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ യുഡിഎഫ് ഹർത്താൽ സംസ്ഥാനത്ത് സമാധാനപരമാണ്.

തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായത്. കൊച്ചി നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ല് ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർക്കുകയായിരുന്നു. തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.

നഗരപ്രദേശങ്ങളെ ഹർത്താൽ ബാധിച്ചില്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ പൂർണമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകന്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. സംസ്ഥാനത്ത് ഒരിടത്ത് പോലും സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.

പ്രധാന പാതകളിലൂടെ ഓടുന്ന കെഎസ്ആർടിസിക്ക് പോലീസ് സുരക്ഷ ഒരുക്കുന്നുണ്ട്. കോട്ടയം-കുമളി റൂട്ടിൽ പോലീസ് അകന്പടിയോടെ കെഎസ്ആർടിസി സർവീസ് നടത്തി. ഹർത്താൽ വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ ആളുകൾ അധികം പുറത്തിറങ്ങിയില്ല. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല.

ഹർത്താലിന് സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഉള്ളതിനാൽ പോലീസ് എല്ലായിടത്തും നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിൽ വാഹനം തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോട് ജില്ലയിലെ മുക്കത്തും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കായംകുളത്തും മുക്കത്തും പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.

സെക്രട്ടറിയേറ്റ്, ഐഎസ്ആർഒ, ടെക്നോപാർക്ക് തുടങ്ങി സ്ഥാപനങ്ങളെ ഒന്നും ഹർത്താൽ ബാധിച്ചില്ല. ജീവനക്കാർ ഭൂരിഭാഗവും ജോലിക്കെത്തി. എന്നാൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. സ്കൂൾ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...