പോളണ്ടിനെ ഗോൾമഴയിൽ‌മുക്കി കൊളംബിയ
Monday, June 25, 2018 1:25 AM IST
മോസ്കോ: ആദ്യ മത്സരത്തിൽ സെനഗലിൽ നിന്ന് ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയ പോളണ്ടിനെ ഗോൾ മഴയിൽ മുക്കി കൊളംബിയ റഷ്യൻ ലോകകപ്പിലെ പ്രതീക്ഷകൾ സജീവമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയ പോളണ്ടിന് പുറത്തേക്കുള്ള വഴികാട്ടിയത്. മത്സരം ആരംഭിച്ച് ആദ്യ അര മണിക്കൂറിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. മുന്നേറ്റങ്ങളിലും പ്രതിരോധത്തിലും ഒന്നിനൊന്ന് മെച്ചമെന്ന് തോന്നിക്കും വിധമായിരുന്നു ഈ നിമിഷങ്ങളിലെ ഇരു ടീമുകളുടെയും നീക്കങ്ങൾ.

എന്നാൽ 40-ാം മിനിറ്റ് മുതൽ കളിയുടെ ഗതി മാറി. ഫാൽക്കാവോ നിന്ന് പന്ത് സ്വീകരിച്ച ഗ്വദാർദോ പന്ത് ഹാമിഷ് റോഡ്രിഗസിനു മറിച്ചു നൽകി. റോഡ്രിഗസ് ഉയർത്തിയടിച്ച പന്തിൽ തലവച്ച യെറി മിനയ്ക്ക് പിഴച്ചില്ല. പോളണ്ടിന് ബാക്കിയുണ്ടായിരുന്ന സാധ്യതകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി പന്ത് ഗോൾപോസ്റ്റിലേക്ക് പറന്നിറങ്ങി. ഈ ഗോളോടെ പോളണ്ട് അമിത പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു. ഫലമോ കൊളംബിയൻ മുന്നേറ്റ നിര പോളണ്ടിന്‍റെ ഗോൾമുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടേയിരുന്നു. അമിതപ്രതിരോധത്തിലായിരുന്നുവെങ്കിലും ആദ്യപകുതി കൂടുതൽ പരുക്കില്ലാതെ പൊളണ്ട് അവസാനിപ്പിച്ചു.ആദ്യത്തെ തിരിച്ചടിയുടെ ആഘാതത്തിൽ നിന്ന് പോളണ്ട് കരകയറിയിട്ടില്ലെന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മനസിലായി. പോളണ്ടിന്‍റെ നീക്കങ്ങളും മുന്നേറ്റ ശ്രമങ്ങളുമെല്ലാം ദുർബലമായിരുന്നു. മത്സരത്തിന്‍റെ 68ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കു പാഴയത് കാണുന്ന ഏതൊരു കൊളംബിയൻ ആരാധകനും മനസിലാകും ആദ്യഗോളിന്‍റെ ആഘാതം എത്രത്തോളമുണ്ടെന്ന്. ഇതിനു പിന്നാലെ വീണ്ടും കോളംബിയൻ ആക്രമണം പോളണ്ടിന്‍റെ ഗോൾമുഖത്തെ വിറപ്പിച്ചു. ഒടുവിൽ അത് ഫലം കാണുകയും ചെയ്തു. 7ാം മിനിറ്റിൽ ജുവാൻ ക്വിന്‍റെറോ പോളിഷ് താരങ്ങളെ മറികടന്ന് നൽകിയ പാസ് റഡാമൽ ഫാൽക്കോ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. കൊളംബിയൻ പട 2-0ന് മുന്നിൽ.

ഫാൽക്കാവോയുടെ 30ാമത് അന്താരാഷ്ട്ര ഗോളായിരുന്നു അത്. ഇതോടെ കൊളംബിയിയൻ‌ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമായി ഫാൽക്കാവോ. രണ്ടാമത്തെ ഗോളും വീണതിനു സേഷം പക്ഷേ പോളണ്ട് ചില മുന്നേറ്റങ്ങൾ നടത്തി. പക്ഷേ ആശ്രമങ്ങൾ കൊളംബിയൻ ബോക്സിനു സമീപത്തേക്ക് എത്തി‌ക്കാൻ സിലിൻസ്കിയും ലെൻഡോസ്കിയുമൊക്കെയടങ്ങിയ മുന്നേറ്റനിരയ്ക്കായില്ല. അതോടെ പോളിഷ് ഗോൾ പ്രതീക്ഷകൾ അകലുകയും ചെയ്തു. രണ്ടാം ഗോളിന്‍റെ ആരവങ്ങൾ കെട്ടടങ്ങുന്നതിനു മുന്നേ കൊളംബിയ പോളണ്ടിന്‍റെ തോൽവി ഭാരത്തിനു മേൽ ആക്കം കൂട്ടി മൂന്നാമത്തെ ആണിയുമടിച്ചു. മുൻ‌പ് ഗോളവസരങ്ങൾ സൃഷ്ടിക്കുകയും പാസുകൾ കൃത്യമായി നൽകുകയും ചെയ്ത ജുവാൻ ഗ്വദാർദോയുടെ ഊഴമായിരുന്നു ഇത്തവണ.റോഡ്രിഗസ് നൽകിയ പാസ് ഗ്വദാർദോ ഗോളാക്കി മാറ്റുകയായിരുന്നു. മൈതാന മധ്യത്തിൽ നിന്ന് പന്തുമായി ഒറ്റയ്ക്കു മുന്നേറിയ ഗ്വദാർദോയുടെ ഒപ്പമോടിയെത്താൻ പോളണ്ട് താരങ്ങൾക്കായില്ല. ഫലം ഗോളിയെ കാഴ്ചക്കാരനാക്കി മൂന്നാം ഗോൾ. ഈ ജയത്തോടെ കൊളംബിയയ്ക്ക് മൂന്ന് പോയിന്‍റായി. ആദ്യ മത്സരത്തിൽ അവർ കൊളംബിയ തോറ്റിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പോളണ്ടിന്‍റെ പ്രീക്വാർട്ടർ മോഹങ്ങൾ പോലിയുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.