നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
Thursday, December 13, 2018 12:27 PM IST
തിരുവനന്തപുരം: ശബരിമല പ്രതിഷേധങ്ങൾ മാത്രം അരങ്ങേറിയ നിയമസഭാ സമ്മേളനം അവസാനിച്ചു. സമ്മേളനം പൂർത്തിയാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു. ശബരിമലയിലെ നിരോധനാജ്ഞയുടെ പേരിൽ നടന്ന പ്രതിപക്ഷ പ്രതിഷേധമായിരുന്നു ഈ സമ്മേളന കാലയളവിലെ ശ്രദ്ധാകേന്ദ്രം. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിന്‍റെ തുടക്കം മുതൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

സമ്മേളനത്തിൽ ആദ്യദിനം തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയമായി വിഷയം സഭയിൽ അവതരിപ്പിച്ചു. എന്നാൽ സർക്കാർ വഴങ്ങാതെ വന്നതോടെ മൂന്ന് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ കവാടത്തിൽ നിരാഹാരം തുടങ്ങി. സമരം അവസാനിപ്പിക്കാനും സർക്കാർ മുൻകൈയെടുക്കാതിരുന്നതോടെ പ്രതിപക്ഷം സഭാ നടപടികൾ തുടർച്ചയായി തടസപ്പെടുത്തി.

സ്പീക്കറുടെ നിലപാടിനെയും പ്രതിപക്ഷം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. സ്പീക്കർ മുഖ്യമന്ത്രിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. ഇതിനിടെ ശബരിമല വിഷയത്തിന്‍റെ പേരിൽ ബിജെപിക്കൊപ്പം പി.സി.ജോർജും ചേർന്നതും ഈ സഭാ സമ്മേളന കാലത്ത് ശ്രദ്ധേയ നീക്കമായി.

ഇതിനെല്ലാം പുറമേയാണ് സമ്മേളനത്തിന്‍റെ അവസാന ദിനം വർഗീയ മതിൽ എന്ന പരാമർശത്തിന്‍റെ പേരിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൈയാങ്കളി നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.