മരട് ഫ്ലാറ്റ്: ജുഡീഷൽ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
Monday, September 16, 2019 11:08 AM IST
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ചവർക്കെതിരേയും നിർമാണത്തിന് അനുമതി നൽകിയവർക്കെതിരേയും നടപടി വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവർക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ ഒഴിയേണ്ടി വന്നാൽ ഉടമകൾക്ക് നഷ്ടപരിഹാനം നൽകണം. പുനരധിവാസത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എംപി, മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് തുടങ്ങി നിരവധി നേതാക്കൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. മരടിലെ ഫ്ലാറ്റ് പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.