കൊല്ലം: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനികളെ അന്യായമായി അറസ്റ്റ് ചെയ്യുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കൊല്ലം രൂപതയുടെയും കെ ആർ എൽ സി ബി സി റിലീജിയസ് കമ്മീഷന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് പ്രതിഷേധ ജ്വാല നടന്നു.
ആയിരക്കണക്കിന് വിശ്വാസികളും സന്യാസ്തരും വൈദികരും അണിനിരന്ന പ്രതിഷേധ റാലിയിൽ കൊല്ലം നഗരത്തിൽ ചിന്നക്കട അക്ഷരാർഥത്തിൽ സ്തംഭിച്ചു. വാടിയിൽ നിന്ന് ആരംഭിച്ച റാലി വേളാങ്കണ്ണി മാതാവിന്റെ കുരിശടിയുടെ മുന്നിലൂടെ കെ എസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം ആരംഭിച്ച പ്രതിഷേധ ജ്വാല വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ ആണ് ഉദ്ഘാടനം ചെയ്തത്.
ജ്വാല ബസ് വേയിൽ എത്തിയ ശേഷം നടന്ന പ്രതിഷേധ സമ്മേളനത്തിൽ ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി അധ്യക്ഷനായിരുന്നു. ക്രൈസ്തവ സമുദായത്തിനെതിരെ ഭാരതത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് എതിരേ വിശ്വാസികളുടെ രോഷം അലയടിക്കുന്നതായിരുന്നു പ്രതിഷേധജ്വാല.
വ്യക്തിപരമായ പീഡനങ്ങൾ ക്ഷമിക്കുമെങ്കിലും അപരനെതിരേ ഉണ്ടാകുന്ന അനീതികൾ ഏത് നിലയിലും ചെറുക്കുമെന്ന് പ്രതിഷേധ യോഗത്തിൽ അധ്യക്ഷത വഹിച്ച കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും സഭയോടും സമർപ്പിതരോടുമുള്ള സ്നേഹവും ക്രിസ്തുവിലുള്ള വിശ്വാസത്തെയും പ്രതി എത്തി ചേർന്ന വിശ്വാസ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഭാരതത്തിൽ ഇപ്പോഴുണ്ടാകുന്ന ക്രൈസ്തവ വേട്ടകൾ ഒറ്റപ്പെട്ടതല്ലെന്നും സന്യസ്തർക്കെതിരേ കേസെടുത്തതും അന്യായ വകുപ്പുകൾ എഴുതിച്ചേർത്തതും പോലീസല്ലെന്നും തീവ്ര ഹിന്ദുത്വവാദികളായ ബജ്റംഗ്ദൾ പ്രവർത്തകരായിരുന്നുവെന്നും ഇത് നീതിന്യായ സംവിധാനത്തിന്റെ ആപത്കരമായ ദുഃരൂപയോഗമാണെന്നുംപ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു എൻ. കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
കൊല്ലം മേയർ ഹണി ബഞ്ചമിൻ, കെആർഎൽ സി ബിസി സെക്രട്ടറി ജനറൽ ഫാ. ജിജു അറക്കത്തറ, വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ, ഫാ. മേരി ദാസൻ ഒ സി ഡി, സി. റോസ് ഫ്രാൻസിസ്, സിസ്റ്റർ എമ്മ മേരി, അനിൽ ജോൺ ഫ്രാൻസിസ്, ഫാ. വർഗീസ് ഒ സി ഡി, ഫാ. ജോസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
യേശുവിന്റെ കാരുണ്യത്തിന്റെ മുഖം പ്രകടമാക്കുന്ന സന്യസ്തരും മിഷനറിമാരും ഒറ്റകെട്ടായി സഭക്കൊപ്പമാണെന്നു വിളിച്ചറിയിച്ച പ്രതിഷേധ പരിപാടിക്ക് ഫാ. ജോളി ഏബ്രഹാം, ലെസ്റ്റർ കാർഡോസ്, മിൽട്ടൻ സ്റ്റീഫൻ, സാജു കുരിശിങ്കൽ, ബെയ്സിൽ നെറ്റാർ, വിൻസിബൈജു, വൽസലാ ജോയി, ഫാ. ജോ സെബാസ്റ്റ്യൻ, ഇ.എമേഴ്സൺ, ജാക്സൺ ഫ്രാൻസിസ്, യോഹന്നാൻ ആന്റണി, എ.ജെ. ഡിക്രൂസ്, ജോർജ് എഫ്. സേവ്യർ എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധിച്ചു
അഞ്ചൽ: ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ തടവിലാക്കിയ സംഭവത്തിൽ അഞ്ചൽ മേരി മാതാ ഇടവക സമൂഹം പ്രതിഷേധിച്ചു. വേദന അനുഭവിക്കുന്ന സന്യാസി സമൂഹത്തോട് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ജയിൽ മോചിതരായെങ്കിലും കേസിന്റെ തുടർനടപടികളിൽ വ്യാജ എഫ്ഐആർ പിൻവലിക്കുവാൻ ഉള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും സന്യാസിനികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടവകയിലെ മാതൃജ്യോതിസ് പിതൃവേദി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ വികാരി ഫാ. ജോസഫ് നാല്പതാംകളം, ആന്റണി പൂത്തറ, യുബി ബിനു അമലഗിരി എന്നിവർ പ്രസംഗിച്ചു. സനൽ കോലത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.