കുണ്ടറ : എഴുകോൺ, വെളിയം എന്നിവിടങ്ങളിലെ സി പി ഐ നേതാക്കളും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. സി പിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി പരിധിയിലെ പാർട്ടി നേതൃത്വത്തിന്റെ സ്വജനപക്ഷപാതവും വിഭാഗീയതയും ആരോപിച്ചാണ് എഴുകോൺ, വെളിയം എന്നിവിടങ്ങളിൽ ഉള്ള സിപിഐ പ്രവർത്തകർ കോൺഗ്രസിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി ഇവർക്ക് കോൺഗ്രസ് അംഗത്വം നൽകി.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി പി ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി എൻ. പങ്കജരാജൻ, എഴുകോൺ ലോക്കൽ കമ്മിറ്റിയംഗം കെ.കെ. അശോക് കുമാർ, എ ഐ വൈ എഫ് മണ്ഡലം വൈസ് പ്രസിഡന്റ്അഖിൽ മൊട്ടക്കുഴി, എഴുകോൺ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി പ്രദീപ്, എൽ സി അംഗം മണിക്കുട്ടൻ, വിവിധ ഘടകങ്ങളിലെ ഭാരവാഹികളായ റീനമോൾ,പി.എസ്.ബിജു, കാഞ്ചന, മാത്യൂസ്, പോർഷെ, ഹരിദാസ്, അജിത് കുമാർ എന്നിവരോടൊപ്പം 50 ഓളം പാർട്ടി അനുഭാവികളാണ് കോൺഗ്രസിൽ ചേർന്നത്.
കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ നടന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ, എഴുകോൺ നാരായണൻ, ഡി സി സി ഭാരവാഹികളായ പി.ഹരികുമാർ, അഡ്വ. സവിൻ സത്യൻ, സി. ആർ. നജീബ്, പാത്തല രാഘവൻ, ജയപ്രകാശ് നാരായണൻ, അഡ്വ. രതീഷ് കിളിത്തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.