കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് രണ്ടുമുതൽ 10 വരെ നടക്കുമെന്ന് വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷം ഇടവകയിൽ നടത്തിയ വിവിധ പരിപാടികളുടെ സമാപനമായിട്ടാണ് ആഘോഷപരിപാടികൾ നടത്തുന്നത്. കൂട്ടായ്മതലത്തിൽ ആത്മീയ ഉണർവിനായുള്ള പരിപാടികളും തുടർന്ന് ഇടവക തലത്തിൽ ആരോഗ്യസെമിനാർ, വികസന സെമിനാർ, കർഷക സെമിനാർ, സംരംഭക സെമിനാർ എന്നീ പരിപാടികളും ജൂബിലി വർഷത്തിൽ നടത്തി. സമാപന ആഘോഷങ്ങളിൽ സാംസ്കാരിക സമ്മേളനം, വിശാല കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന അഞ്ച് ഇടവകകളുടെ സംഗമം, കുടുംബ സംഗമം, കൂട്ടായ്മകളുടെ സംഗമം, കാരുണ്യഭവനങ്ങളുടെ സംഗമം, പ്രാർഥനാദിനം, വൈദിക - സന്യസ്ത സംഗമം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം 4.30ന് പഴയപള്ളിയിൽ വിശുദ്ധ കുർബാന, തുടർന്ന് ടൗൺചുറ്റി ജൂബിലി വിളംബര റാലി ആരംഭിച്ച് കത്തീഡ്രൽ പള്ളിയിലെത്തിച്ചേരും. തുടർന്ന് ജൂബിലി പതാക ഉയർത്തൽ, തിരി തെളിക്കൽ, 200 പേർ അണിനിരക്കുന്ന ജൂബിലി ഗാനം, വാദ്യമേളം. മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. കത്തീഡ്രൽ ഇടവകയിൽ സേവനം ചെയ്ത വൈദികർ സഹകാർമികരായിരിക്കും. വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ആന്റോ ആന്റണി എംപി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ഡോ. അർഷാദ് മൗലവി, ജീരാജ്, എം.എസ്. മോഹൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കത്തീഡ്രൽ ടീമിന്റെ നേതൃത്വത്തിൽ നാടകം.
നാലിന് വിശാല കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന അഞ്ചിലിപ്പ, കൂവപ്പള്ളി, പൊടിമറ്റം, ആനക്കല്ല്, കുന്നുംഭാഗം എന്നീ ഇടവകകളുടെ സംഗമം. വൈകുന്നേരം അഞ്ചിന് റവ.ഡോ. മാത്യു പായിക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, ഫാ. മാത്യു പുതുമന, ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഫാ. ജോസഫ് പൊങ്ങന്താനം, ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും.
അഞ്ചിന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് സിജോയി വർഗീസ് ക്ലാസ് നയിക്കും.
ആറിന് ഇടവകയിലെ കൂട്ടായ്മകളുടെ സംഗമം. വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപത ചാൻസലർ ഫാ. മാത്യു ശൗര്യാംകുഴി വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടക്കും.
ഏഴിന് കത്തീഡ്രലിൽ പ്രവർത്തിക്കുന്ന കാരുണ്യഭവനങ്ങളുടെ സംഗമം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ജിൻസ് വാതല്ലൂക്കുന്നേൽ, തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഫാ. റോയി വടക്കേൽ ഉദ്ഘാടനം ചെയ്യും.
എട്ടിന് പ്രാർഥനാദിനം. ഉച്ചകഴിഞ്ഞ് 2.30ന് ആരാധന, വചനസന്ദേശം - ഫാ. കുര്യാക്കോസ് വടക്കേടത്ത്, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന - റവ.ഡോ. കുര്യൻ താമരശേരി, തുടർന്ന് സെമിത്തേരി വെഞ്ചരിപ്പ്. ഒന്പതിന് വൈദിക - സന്യസ്ത സംഗമം. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന - ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി, തുടർന്ന് പൊതുസമ്മേളനം.
10ന് രാവിലെ ഒന്പതിന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് ജൂബിലി സമാപന സമ്മേളനം സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. വർഗീസ് പരിന്തിരിക്കൽ. സിസ്റ്റർ വിനയ ഗ്രേസ്, ഫാ. ബേബി മുള്ളൂർപറമ്പിൽ എസ്ജെ, ചാക്കോ വാവലുമാക്കൽ, മാതൃവേദി, സൺഡേ സ്കൂൾ, എസ്എംവൈഎം പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.
കത്തീഡ്രൽ വികാരി റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരി, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പിൽ, ഏബ്രഹാം കെ. അലക്സ് കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകിൽ, ടി.സി. ചാക്കോ വാവലുമാക്കൽ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
പത്രസമ്മേളനത്തിൽ ടി.സി. ചാക്കോ വാവലുമാക്കൽ, സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ബിജു പത്യാല, ബെന്നി അതിരകുളങ്ങര എന്നിവരും പങ്കെടുത്തു.