കോട്ടയം: ദേശീയപാത 183നെയും 66നെയും ബന്ധിപ്പിച്ചു കോട്ടയത്തുനിന്നു കുമരകം, വെച്ചൂര്‍, വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിര്‍മിക്കുന്നത് സംബന്ധിച്ചുള്ള കരടു റിപ്പോര്‍ട്ട് ഫ്രാന്‍സിസ് ജോര്‍ജ് എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരിക്ക് സമര്‍പ്പിച്ചു. ദേശീയ പാത വിഭാഗത്തിലെയും മറ്റു ഗതാഗത, ടൂറിസം രംഗത്തുമുള്ള വിദഗ്ധന്മാരുമായും നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം തയാറാക്കിയ കരടു റിപ്പോര്‍ട്ടാണു കേന്ദ്ര മന്ത്രിക്ക് എംപി കൈമാറിയത്.
റിപ്പോര്‍ട്ട് പരിശോധിച്ചു വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയതായും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കോട്ടയത്തിനും കൊച്ചിക്കും ഇടയില്‍ പ്രതിദിനം 90,000 പിസിയു കടന്നിരിക്കുന്നതിനാല്‍ പുതിയ റോഡ് നിര്‍മിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി മറുപടിയായി എംപിയെ അറിയിച്ചു.
ദേശീയ പാത 183ലെ എംസി റോഡിലെ കോട്ടയം മുളങ്കുഴയില്‍നിന്ന് ആരംഭിച്ച് കാഞ്ഞിരം, കുമരകം, കവണാറ്റിന്‍കര, കൈപ്പുഴമുട്ട്, തലയാഴം, വൈക്കം, ഉദയനാപുരം, ചെമ്പ്, പൂത്തോട്ട, നടക്കാവ്, തൃപ്പൂണിത്തുറ വഴി എന്‍എച്ച് 66ഉം എന്‍എച്ച് 85 അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസില്‍ ചേരുന്ന വിധത്തിലുള്ള റോഡാണ് കരട് റിപ്പോര്‍ട്ടിലുള്ളത്. 60 കിലോമീറ്ററാണ് റോഡിന്റെ ദൂരം. കോട്ടയത്തുനിന്നു തലയോലപ്പറമ്പ് പൂത്തോട്ട വഴിയും കാഞ്ഞിരമറ്റം വഴിയും തൃപ്പൂണിത്തുറയില്‍ എത്താന്‍ 75 കിലോമീറ്റര്‍ ദൂരമാണുള്ളത്.
തിരക്കുള്ള സമയത്ത് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ രണ്ടര മണിക്കൂര്‍ സമയം എടുക്കും. പുതിയ റോഡ് ഉണ്ടായാല്‍ ഒരു മണിക്കൂറില്‍ എത്തിച്ചേരാം. നിലവിലുള്ള റോഡുകള്‍ വീതി കൂട്ടുക എന്നത് വളരെ പ്രയാസമാണ്. പുതിയ റോഡ് പൂര്‍ണമായും പാടശേഖരങ്ങളലൂടെയും അവികസിതമേഖലകളിലൂടെയും കൂടി കടന്നുപോകുന്നതിനാല്‍ സ്ഥലം ഏറ്റെടുക്കല്‍ എളുപ്പത്തില്‍ സാധിക്കും.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഇടനാഴി നിര്‍മിക്കുന്നതിലൂടെ മധ്യ കേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടത്തത്തിന് അവസരമൊരുക്കും.
കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആളുകള്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും. നെടുമ്പാശേരി വിമാനത്താവളം, കുമരകം ടൂറിസ്റ്റ് കേന്ദ്രം അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്രാ ചെയ്യാനും ഈ ഇടനാഴി സഹായിക്കും.