പദ്ധതിക്ക് 80 കോടിയുടെ കിഫ്ബി ഫണ്ട്
ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം 16ന് രാവിലെ 9.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 80 കോടിയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 54.87 കോടി രൂപ ഉപയോഗിച്ച് അഞ്ചു നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
അത്യാധുനിക നിലവാരത്തിലുള്ള നാല് മേജര്‍ ഓപ്പറേഷന് തിയറ്ററുകള്‍, ഒരു മൈനര്‍ ഓപ്പറേഷന് തിയറ്റര്‍, കീമോതെറാപ്പി, ഡയാലിസിസ്, ഓര്‍ത്തോവിഭാഗം, നേത്രരോഗവിഭാഗം, സര്‍ജിക്കല്‍ വിഭാഗം, മെഡിക്കല്‍വിഭാഗം, ഇഎന്‍ടി വിഭാഗം, ത്വക്ക്രോഗ വിഭാഗം തുടങ്ങിയവ കെട്ടിടത്തിലുണ്ടാകും.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഡ്യൂട്ടി മുറികള്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള മുറികള്‍, വയോജന-ശിശു സൗഹൃദ മുറികള്‍, ഭിന്നശേഷി സൗഹൃദ സജീകരണങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റ്, സിടി സ്കാന്‍, ഫാര്‍മസി, റേഡിയോളജി, ശൗചാലയങ്ങള്‍, സര്‍ജിക്കല്‍ വാര്‍ഡുകള്‍, റസ്റ്റ് റൂമുകള്‍, കാന്റീന്, ഐസൊലേഷന്‍ റൂം, പ്ലാസ്മ സ്റ്റോര്‍ മുറി, കൗണ്‍സലിംഗ് മുറി, ലിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണജോലികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ ഒരുനിലയുടെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
സമ്മേളനത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഒപ്താല്‍മോളജി ഓപ്പറേഷന് തിയറ്ററും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും 16ന് തുറക്കും
ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒപ്താല്‍മോളജി ഓപ്പറേഷന് തിയറ്ററും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും 16ന് തുറക്കും. 16ന് രാവിലെ 9.30ന് ആശുപത്രി അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നരക്കോടി രൂപ മുടക്കിയാണ് മലിനജല സംസ്കരണത്തിനായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഓര്‍ത്തോ ഫിസിയാതെറാപ്പി ബ്ലോക്കിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
നിര്‍മാണപദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസീദ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.