ആലുവ: ഛത്തീസ്ഗഡിലെ ദുർഗിൽ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനുമെതിരേ ചുമത്തപ്പെട്ട കേസുകൾ അടിയന്തരമായി റദ്ദാക്കണം എന്ന് ബിഷപ് മാർ തോമസ് ചക്യത്ത് ആവശ്യപ്പെട്ടു. ഇനി ഇങ്ങനെ ഒരു സംഭവം ഭാരതത്തിൽ ന്യൂന പക്ഷങ്ങൾക്ക് നേരെ ഉണ്ടാവാതിരിക്കാൻ മുൻകരുതലുകൾ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലുവ മേഖലയിലെ വിവിധ ദേവാലയങ്ങളുടെയും സന്യസ്ത സമൂഹങ്ങളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ആലുവ സെന്റ് ഡൊമിനിക് പള്ളി വികാരി ഫാ. ജോസഫ് കരുമത്തി അധ്യക്ഷത വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ മുഖ്യ പ്രഭാഷണം നടത്തി.
ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി, ഫാ. പോൾ നെടുഞ്ചാലിൽ, സിസ്റ്റർ നവ്യ മരിയ, സിസ്റ്റർ റോസ് അനിത എന്നിവർ സംസാരിച്ചു. ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി മുൻ അതിരൂപത പ്രൊക്കുറേറ്റർ ഫാ. പോൾ മാടശേരി സെന്റ് ഡൊമിനിക് പള്ളിയങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഡൊമിനിക് കാവുങ്കൽ, ജെമി കെ. അഗസ്റ്റിൻ, ബാബു കൊല്ലമാപറമ്പിൽ, ജോളി പടമാട്ടുമ്മേൽ, സജി നെറ്റിക്കാടൻ, ജോർജ് മുട്ടംതോട്ടിൽ, ബാബു കാടപ്പറമ്പിൽ, ഫാ. ജെയിംസ് തൊട്ടിയിൽ, ഫാ. ജെറിൻ കുരിശിങ്കൽ, ഫാ. നിഖിൽ മുളവരിക്കൽ, ഫാ. ജേക്കബ് കോറോത്ത്, ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫാ. ജോസ് ചോലിക്കര, ഫാ. സനീഷ് കോയിക്കര, ഫാ. സാജു ചിറക്കൽ,ഫാ. സജോ പടയാട്ടിൽ,ബേസിൽ ആന്റണി , ടോമി വർഗീസ്, ഫാ. സജി തെക്കേകൈതക്കാട്ട്, ഫാ. പോൾ കന്നപ്പിള്ളി എന്നിവർ റാലിക്ക് നേതൃത്വം നൽകി.