കൊച്ചി: പ്രാസംഗികനായി പലകുറി എത്തിയിരുന്ന എറണാകുളം ടൗണ്‍ ഹാളിലേക്ക് ഇക്കുറി മലയാളത്തിന്റെ പ്രിയ സാനുമാഷ് എത്തിയത് നിശ്ചലനായി അന്ത്യയാത്രയ്ക്കായിരുന്നു. ഒപ്പം സമയം ചെലവഴിച്ചവരും പ്രിയപ്പെട്ടവരും ശിഷ്യരുമെല്ലാം മാഷിന്റെ അരികില്‍ ഒരിക്കല്‍ക്കൂടി ഒത്തുകൂടിയപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട മാഷ് ഇല്ലെന്ന വേദന മാത്രമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത്.
മൃതദേഹം പൊതുദര്‍ശനത്തിനായി വീട്ടില്‍ നിന്ന് ടൗണ്‍ ഹാളിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നേ ടൗണ്‍ ഹാളും പരിസരവും തിങ്ങിനിറഞ്ഞു. കര്മമേഖലയില് ഊര്‍ജസ്വലനായി നടന്നുനീങ്ങിയ പാതകള്‍ പലതും പിന്നിട്ടത് അറിയാതെ ഒടുവില്‍ ഒരിക്കല്‍കൂടി സാനുമാഷ് ടൗണ്‍ ഹാളില്‍ വന്നുപോയി.
പഠിപ്പിച്ചിട്ടില്ലെങ്കിലും ശിഷ്യരായവരെല്ലാം ഗുരുവിനെ ഒരുനോക്ക് കാണാന്‍ ഓടിയെത്തി.
വേദിയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്തായിരുന്നു പൊതുദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ റോഷി അഗസ്റ്റിന്, എം.ബി. രാജേഷ്, കെ. രാജന്, പി. രാജീവ്, വി.എന്‍. വാസവന്, ആര്. ബിന്ദു, എംപിമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്,
എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, റോജി എം. ജോണ്‍, കെ. ബാബു, ആന്റണി ജോണ്‍, ചാണ്ടി ഉമ്മന്‍, ഉമ തോമസ്, എല്‍ദോസ് കുന്നപ്പള്ളി, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ.വി. തോമസ്, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി,
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, എഴുത്തുകാരായ സി. രാധാകൃഷ്ണന്, എം. തോമസ് മാത്യു, സുനില്‍ പി. ഇളയിടം, കെ.ആര്. മീര, രാഷ്ട്രീയ നേതാക്കളായ വി.എം. സുധീരന്, വൈക്കം വിശ്വന്, എം. സ്വരാജ്, ഡോ. നീലലോഹിത ദാസ് നാടാര്‍, പി.എസ്. ശ്രീധരന്‍പിള്ള, കെ.എസ്. രാധാകൃഷ്ണന്, എ.എന്‍. രാധാകൃഷ്ണന്, പി.സി. ചാക്കോ, നടന്മാരായ ദേവന്, സിദ്ദിഖ്, കൈലാഷ്,
സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എന്‍, മോഹനന്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സംവിധായകരായ അമല്‍നീരദ്, രഞ്ജിത്ത്, തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കര്‍, നടി നവ്യ നായര്‍, സംഗീത സംവിധായകന് ബേണി, ജസ്റ്റീസ് പി. ഷംസുദ്ദീന്, ട്രേഡ് യൂണിയന് നേതാവ് തമ്പാന് തോമസ്, കൊച്ചി മെട്രോ എം.ഡി. ലോകനാഥ് ബെഹ്റ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേര് പ്രഫ. എം.കെ. സാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിയ ഗുരുനാഥന് അന്തിമോപചാരം അര്‍പ്പിച്ചു. വൈകുന്നേരം നാലോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് എറണാകുളം സെന്‍ട്രല്‍ എസിപി സിബി ടോമിന്റെ സാന്നിധ്യത്തില്‍ പോലീസിന്റെ ഗാര്‍ഡ് ഒഫ് ഓണര്‍ നല്കി. നാലരയോടെ രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു.
തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മൂത്തമകന് എം.എസ്. രഞ്ജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്.
മൗനംപൂണ്ട് "സന്ധ്യാ' മുറ്റം
കൊച്ചി: വായനയും എഴുത്തുമായി സജീവമായിരുന്ന സന്ധ്യയുടെ ഇറയത്തേക്ക് അവസാനമായി എം.കെ. സാനു എത്തിയപ്പോള്‍ മുമ്പ് അക്ഷരങ്ങളാല്‍ ശബ്ദമുഖരിതമായിരുന്ന വീട് ഇന്നലെ നിശബ്ദമായിരുന്നു. തലമുറകള്‍ വായിച്ച പല കൃതികളും രചിക്കപ്പെട്ട സന്ധ്യയില്‍ ഇനി സാനു മാഷ് ഇല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട പോലെ വീടും പരിസരവും മൗനമായിരുന്നു.
ശനിയാഴ്ച വൈകുന്നേരം അമൃത ആശുപത്രിയിലെ പൊതുദര്‍ശത്തിനുശേഷം ഇന്നലെ രാവിലെ 8.30ഓടെയാണ് സാനു മാഷിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. നൂറുകണക്കിന് ആളുകൾ കാരിക്കാമുറി റോഡിലെ സന്ധ്യയിലേക്ക് ഒഴുകിയെത്തി. മന്ത്രി റോഷി അഗസ്റ്റിന്, എം. സ്വരാജ് തുടങ്ങിയവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.