കോതമംഗലം: വന്യമൃഗ ശല്യവും പ്രകൃതിക്ഷോഭം മൂലവും കൃഷികൾ നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം കണ്ണീർദിനമായി ആചരിക്കാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖലാ നേതൃസംഗമം തീരുമാനിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ കർഷകരെയും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും കോ-ഓർഡിനേഷൻ സ്വന്തം നിലയിൽ ആദരിക്കും. വന്യമൃഗ ശല്യം, പ്രകൃതിക്ഷോഭം, കർഷക പെൻഷൻ, റബർ സബ്സിഡി, യുവാക്കളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ എന്നീ ഇനങ്ങളിൽ കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി തുടങ്ങിയ കിഴക്കൻ മേഖലകളിൽ മാത്രം 25 കോടി രൂപയുടെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്.
കോതമംഗലം നിയോജക മണ്ഡലത്തിൽ 10 കോടിയോളം രൂപ ലഭിക്കാനുണ്ട്. ഈ കുടിശിക തുക മുഴുവനായും ഓണത്തിനു മുൻപ് കർഷകരുടെ കൈകളിൽ എത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
നേതൃസംഗമം യുഡിഎഫ് ജില്ലാ കൺവീനറും കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജെയിംസ് കോറേമ്പേൽ അധ്യക്ഷത വഹിച്ചു. കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. ജോർജ്, കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികളായ ജോണി പുളിന്തടം, ആന്റണി ഓലിയപ്പുറം,
സ്വതന്ത്ര കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എം. അബ്ദുൾ റഹ്മാൻ, വിവിധ കർഷക സംഘടന നേതാക്കളായ എം.എം. അഷറഫ്, പി.എം. സിദ്ധിഖ്, എം.സി. അയ്യപ്പൻ, സജി തെക്കേക്കര, പി.പി. മത്തായി , ആന്റണി കോട്ടപ്പടി, രാജൻ ടി. തോമസ്, പി.എം. സുഗതൻ, പി.എം ഹസൻ , ഷംസുദീൻ മക്കാർ, എം.പി. എസ്തപ്പാനോസ്, ബേബി മൂലയിൽ എന്നിവർ പ്രസംഗിച്ചു.