താള-വർണ വിസ്മയം തീർത്ത് സമാപന ഘോഷയാത്ര
1590562
Wednesday, September 10, 2025 6:44 AM IST
ഓണം വാരാഘോഷത്തിനു കൊടിയിറങ്ങി
തിരുവനന്തരം: നഗരത്തിന്റെ രാജവീഥികളിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിർത്തി താള-വർണ വിസ്മയം വിരിയിച്ച ഘോഷയാത്രയോടെ ഓണം വരാഘോഷത്തിനു സമാപനമായി.
ഇന്നലെ വൈകുന്നേരം 4.15 ന് വെള്ളയമ്പലത്തുനിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര രാജവീഥികൾ പിന്നിട്ടു കിഴക്കേകോട്ടയില്‍ അവസാനിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഘോഷയാത്രയുടെ വരവറിയിച്ചുകൊണ്ട് 51 കലാകരന്മാര് ശംഖനാദം മുഴക്കുകയും തുടര്‍ന്നു വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യകലാകാരനു കൈമാറിക്കൊണ്ട് സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങള്ക്കു തുടക്കം കുറിക്കുകയും ചെയ്തു.
വര്‍ണ വൈവിധ്യങ്ങള്‍ക്കൊപ്പം ആട്ടവും പാട്ടുമായി നൂറോളം കലാരൂപങ്ങളാണ് ഇക്കുറി ഓണം ഘോഷയാത്രയില്‍ അണിനിരന്നത്. കേരളീയതയുടെ സംസ്കൃതി പ്രകാശിപ്പിക്കുന്ന അനുഷ്ഠാന കലകള്‍, ഗോത്രകലകള്‍, നാടന്‍ കലകള്‍, ക്ളാസിക്കല്‍ കലാരൂപങ്ങള്‍, പുതുകാലത്തിന്റെ ജനകീയ കലകള്‍ എന്നീ അവതരണങ്ങള്‍ക്കൊപ്പം ഭാരത് ഭവന്റെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ഗ്രാമീണ കലകളും നാനാത്വത്തില്‍ ഏകത്വം എന്ന പ്രമേയത്തെ മുന്‍നിര്‍ത്തി ഘോഷയാത്രയില്‍ ഒത്തുചേർന്നു.
ഇന്ത്യയിലെ എട്ട് ക്ലാസിക്കല്‍ നൃത്ത രൂപങ്ങള്‍ കേരളത്തിന്റെ മുടിയേറ്റ്, തെയ്യം, പടയണി, ഗൊപ്പിയാളനൃത്തം, മംഗലംകളി, ഇരുളനൃത്തം, രുധിരക്കോലം, അലാമിക്കളി, വനിതാകോല്ക്കളി, പാവപ്പൊലിമകള്, ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ സംഘം അവതരിപ്പിക്കുന്ന അര്ദ്ധനാരീനൃത്തം, മുറം ഡാന്‍സ്, ഉലക്ക ഡാന്‍സ്, പള്ളിവാള് നൃത്തം,
മാവേലിയും ഓണപ്പാട്ടുകളും, പുലികളി, കുമ്മാട്ടി, വേലകളി, ഓണപ്പൊട്ടന്, കാളയും തേരും, കമ്പേറ്, മയൂര നൃത്തം, 10 അടി ഉയരമുള്ള കാരിക്കേച്ചര്‍ രൂപങ്ങള്‍, ശലഭ, അരയന്ന, മുയല് നൃത്തങ്ങള്‍ തുടങ്ങി ഒരു കാലഘട്ടത്തിന്റെ ഓര്‍മയായ സൈക്കിള്‍ യജ്ഞമടക്കം കാണികള്‍ക്ക് ദൃശ്യവിരുന്നായി.