ജൈവ പച്ചക്കറി-മത്സ്യക്കൃഷി വിളവെടുപ്പ്
1590571
Wednesday, September 10, 2025 6:44 AM IST
നെടുമങ്ങാട്: കർഷക സംഘം ജില്ലാകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ അംഗവും അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന അഡ്വ. ആർ. രാജ്മോഹൻ സ്വന്തമായി ചെയ്ത കൃഷിയിൽ മിന്നുംനേട്ടം.
പൂർണിമ അഗ്രി ഫാമിലും വീട്ടുമുറ്റത്തെ തോട്ടത്തിലും ഉൽപ്പാദിപ്പിച്ച ജൈവ പച്ചക്കറി വിളകളുടെയും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബയോ ഫ്ലോക്ക് മത്സ്യകൃഷിയുടെയും വിളവെടുപ്പ് നടത്തി. വീട്ടുവളപ്പിലെ രണ്ടേക്കർ സ്ഥലത്തും സ്വന്തമായിട്ടുള്ള 39 സെന്റ് പുരയിടത്തിലുമാണു വീട്ടാവശ്യത്തിനായുള്ള വാഴ, ചീര പച്ചകറികൾ തുടങ്ങിയ പത്തോളം ഉത്പന്നങ്ങൾ കൃഷിയാണ് ഇറക്കിയത്.
കൂടാതെ ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപെട്ട 1000 ത്തോളം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. ആറു മാസം പൂർത്തിയായതോടെയാണ് മത്സ്യ വിളവെടുപ്പും നടത്തിയത്. കൃഷി വകുപ്പിന്റെ യും കർഷക സംഘടനയുടെയും കർഷക കൂട്ടായ്മയുടെയും സഹകരണത്തോടെ പച്ചക്കറി - പഴവർഗ രംഗത്തും പാൽ, മുട്ട, മാംസ്യം എന്നിവയിലും വലിയ വിജയം കൈവരിച്ചു.
വിൽപ്പന വിപണിയുടെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയി എംഎൽഎ നിർവഹിച്ചു. അഡ്വ. ജി സ്റ്റീഫൻ എംഎൽഎ, കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പദ്മകുമാർ, വിളപ്പിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് വെള്ളനാട് എം. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
മട്ടുപ്പാവ് പച്ചക്കറി കൃഷിയിൽ 2023-ൽ സംസ്ഥാന അവാർഡ് നേടിയ കർഷക ഡി. വിജയ ഭാസ്കരൻ നായർ, വി. ജോയി എംഎൽഎയിൽനിന്നും പച്ചക്കറികളും, പഞ്ചായത്ത് മെമ്പർ ഷജിത മത്സ്യവും ഏറ്റുവാങ്ങി. കർഷക സംഘം അരുവിക്കര മേഖല കമ്മിറ്റി നേതാക്കൾ വി.ആർ. ഹരിലാലും എ.എം. ഇല്യാസും വിൽപ്പന വിപണിക്ക് നേതൃത്വം നൽകി.