യുവതിയുടെ മരണം: ഹൈദരാബാദ് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
1590566
Wednesday, September 10, 2025 6:44 AM IST
മെഡിക്കല്‍കോളജ്: യുവതിയെ ഫ്ളാറ്റിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് ക ന്റോൺമെന്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
പോണ്ടിച്ചേരി കാരിക്കല്‍ മുക്കുളം സ്ട്രീറ്റ് 13-ല്‍ അളകര്സാമിയുടെ മകള്‍ എ. അക്ഷയയെ (25) ആണ് തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടി ഇവര്‍ താമസിച്ചുവന്ന ജനറല്‍ ആശുപത്രിക്കു സമീപം തമ്പുരാന്‍മുക്കിലെ ആര്‍ടെക് തമ്പുരാന്‍സ് ഫ്ളാറ്റിലെ അഞ്ചാം നിലയില്‍ 5-ബി അപ്പാര്‍ട്ട്മെന്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന മുറിയിലെ ഫാനിനുള്ളില്‍ ബഡ്ഷീറ്റ് കഴുത്തില്‍ മുറുക്കിയായിരുന്നു മരണം.
ഓണ്‍ലൈന്‍ വഴിയാണ് അക്ഷയ യുവാവുമായി പരിചയപ്പെടുന്നത്. ഇവര്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച യുവാവും അക്ഷയയും തമ്മില്‍ സംസാരമുണ്ടായി എന്നും പെട്ടെന്നുള്ള സൗന്ദര്യപ്പിണക്കത്തിന്റെ പേരില്‍ ഫോണ്‍ കട്ട് ചെയ്ത യുവാവ് അക്ഷയയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്നും അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചു.
ഇതുമൂലമുള്ള മാനസിക വിഷമമാണ് അക്ഷയയെ തൂങ്ങിമരിക്കാന്‍ പ്രേരിപ്പിച്ചത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. അക്ഷയയുടെ മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.