പേരൂർക്കട മാല മോഷണക്കേസിൽ വഴിത്തിരിവ് : വീട്ടുജോലിക്കാരിയെ മോഷ്ടാവാക്കാൻ പോലീസ് കഥമെനഞ്ഞെന്ന് റിപ്പോർട്ട്
1590564
Wednesday, September 10, 2025 6:44 AM IST
തിരുവനന്തപുരം: പേരൂർക്കട മാല മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതി ബിന്ദുവിനെ മോഷ്ടാവാക്കാൻ പോലീസ് കഥ മെനഞ്ഞുവെന്നു പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ കണ്ടെത്തൽ. പേരൂർക്കടയിലെ വീട്ടിൽനിന്നു മാല മോഷണം പോയിട്ടേ ഇല്ലെന്നും മറവി പ്രശ്നമുള്ള ഓമന ഡാനിയേൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്കു താഴെവച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
മാല പിന്നീട് ഓമന തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കാണാതായ മാല വീടിനു പിന്നിലെ ചവറുകൂനയിൽ നിന്നും കണ്ടെത്തി എന്ന പേരൂർക്കട പോലീസിന്റെ കഥ നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പോലിസ് മെനഞ്ഞ കഥയാണ് ഇതെ ന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞു വച്ചതു സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാർ അറിഞ്ഞിരുന്നു.
രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വീട്ടുജോലിക്കാരിയെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്എച്ച്ഒ ശിവകുമാർ, വീട്ടുടമ ഓമന ഡാനിയേൽ എന്നിവർക്കെതിരെ നടപടി വേണമെനും റിപ്പോർട്ടിൽ പറയുന്നു. സ്വർണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമനയുടെ പരാതിയിലാണു വീട്ടിൽ ജോലിക്കു നിന്നിരുന്ന ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ പേരൂർക്കട പോലീസ് കേസെടുത്തത്.
പരാതി നൽകിയതിനു നാലു ദിവസം മുന്പുമാത്രം വീട്ടുജോലിക്കെത്തിയ ബിന്ദുവിനെ പോലീസ് കസ്റ്റഡിലെടുത്ത് രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്നു പറഞ്ഞ സ്വർണം അടുത്ത ദിവസം പരാതിക്കാരിയുടെ വീടിനു പിന്നിലെ ചവറുകൂനയിൽനിന്നും കിട്ടിയെന്ന് ഓമന ഡാനിയേൽ തന്നെ പോലീസിനെ അറിയിച്ചു. പിന്നാലെ പോലീസ് ബിന്ദുവിനെ വിട്ടയച്ചു. പോലീസിനു നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു.
സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോട്ടേയ്ക്കു സ്ഥലം മാറ്റി. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നുപോലും അന്വേഷിക്കാതെയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് പീഡനത്തിൽ ഉൾപ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി ജില്ലയ് ക്കു പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം നടത്തിയത്.